Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 16:14 IST
Share News :
മലപ്പുറം : മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ വകുപ്പും. പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ബേക്കറികള്‍ എന്നിവിടങ്ങളിലും ഒക്ടോബര്‍ ഒന്ന് മുതല്‍ ലഭ്യമാകില്ല. നടപടികളുമായി പൊതുജനങ്ങളും ഉപഭോക്താക്കളും വ്യാപാരി സമൂഹവും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അഭ്യര്‍ഥിച്ചു.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിനും ഒക്ടോബര്‍ ഒന്ന് മുതല്‍ നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത വ്യാപാരി സംഘടനാ പ്രതിനിധികളുടെയും ഹോട്ടല്‍- റസ്‌റ്റോറന്റ് - ബേക്കറി ഉടമ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കടകളില്‍ വില്‍ക്കാനോ സൗജന്യമായി നല്‍കാനോ പാടില്ല. ആവശ്യക്കാര്‍ക്ക് തുണി സഞ്ചി പോലെ ബദല്‍ സംവിധാനങ്ങള്‍ വിലയ്ക്കു നല്‍കാം. ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണത്തിന് കവറുകള്‍ക്ക് പകരം പാത്രങ്ങള്‍ ഉപയോഗിക്കണം. പാത്രങ്ങള്‍ കൊണ്ട് വരാത്തവര്‍ക്ക് ഡെപ്പോസിറ്റ് വ്യവസ്ഥയില്‍ പാത്രങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കാവുന്നതാണ്. ഒക്‌ടോബര്‍ 15 മുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാനെത്തുന്നവര്‍ ആവശ്യമായ പാത്രങ്ങളും സഞ്ചികളും കൈവശം കരുതാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി എല്ലാവരും സഹകരിക്കണം. ക്യാമ്പയിനുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുടെ യോഗവും ഇന്ന് (ചൊവ്വ) കളക്ടറേറ്റില്‍ വിളിച്ച് ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹകരണം തേടുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.