Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമയും സംവാദങ്ങളുമായി ചലച്ചിത്രാസ്വാദന ക്യാമ്പിന് സമാപനം

20 May 2024 07:56 IST

R mohandas

Share News :

കൊല്ലം: സിനിമ എന്ന കലാരൂപത്തെ ആഴത്തിലറിയാനും ആസ്വദിക്കാനുമുതകുന്ന പരിശീലനക്‌ളാസുകളും ചലച്ചിത്രപ്രദര്‍ശനങ്ങളും സജീവമായ സംവാദങ്ങളുമായി കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെയും ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെയാണ് കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നാലു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. 

സമുച്ചയത്തിലെ തിയേറ്ററില്‍ 19ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങില്‍ നടനും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥിക്കുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡ് കാസര്‍കോട് ഇരിയാന്നി ജി.വി.എച്ച്.എസ്.എസിലെ പ്രീതിക ബാലകൃഷ്ണനും മികച്ച ക്യാമ്പ് റിവ്യൂ തയാറാക്കിയ വിദ്യാര്‍ത്ഥിക്കുള്ള ഇതേ തുകയുടെ കാഷ് അവാര്‍ഡ് കൊല്ലം വിമലഹൃദയ ഗേള്‍സ് എച്ച്.എസ്.എസിലെ എസ്. ജ്യോതിക്കും അദ്ദേഹം സമ്മാനിച്ചു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍, ക്യാമ്പ് ഡയറക്ടര്‍ ഗീതി സംഗീത, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഡി.ഷൈന്‍ദേവ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി പ്രേംകുമാറുമായി കുട്ടികള്‍ ചലച്ചിത്ര സംവാദം നടത്തി.

മെയ് 16 മുതല്‍ 19 വരെ നടന്ന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 67 കുട്ടികള്‍ പങ്കെടുത്തു. സംവിധായകരായ സിദ്ധാര്‍ത്ഥ ശിവ, വിധു വിന്‍സെന്റ്, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍, നടന്മാരായ രാജേഷ് ശര്‍മ്മ, ജോബി എ.എസ്, ചലച്ചിത്രനിരൂപകനും നടനുമായ കെ.ബി വേണു, നിരൂപകനും ഗാനരചയിതാവുമായ ഡോ.ജിനേഷ് കുമാര്‍ എരമം, കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. അബ്ബാസ് കിറസ്താമിയുടെ ഇറാനിയന്‍ ക്‌ളാസിക് 'വേര്‍ ഈസ് ദ ഫ്രന്റ്‌സ് ഹൗസ', ജര്‍മ്മന്‍ ചിത്രമായ 'ദ ടീച്ചേഴ്‌സ് ലോഞ്ച്', മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ 'ഹ്യൂഗോ' എന്നിവ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചു. സത്യജിത് റായിയുടെ റ്റു, ബെര്‍ട്ട് ഹാന്‍സ്ട്രയുടെ സൂ, ക്രിസ്റ്റഫര്‍ നോളന്റെ ഡൂഡില്‍ ബഗ്, ലവ് ഫീല്‍ഡ്, ഡി ടൂര്‍ തുടങ്ങി നിരവധി ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും അവയെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടന്നു.

Follow us on :

More in Related News