Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോടനാട് പോലീസ് സ്‌റ്റേഷനിലെ ചെണ്ടുമല്ലി പൂവസന്തം

01 Sep 2024 10:40 IST

Prasanth parappuram

Share News :

അങ്കമാലി: ചെണ്ടുമല്ലി പൂക്കളുടെ സൗന്ദര്യ ശോഭയിൽ കോടനാട് പോലീസ് സ്റ്റേഷൻ മുറ്റം... പോലീസ് സ്റ്റേഷന്റെ മുൻവശത്തെ കാടുപിടിച്ചു കിടന്ന പ്രദേശം മനോഹരമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ചെണ്ടുമല്ലി പൂന്തോട്ടം ഒരുങ്ങിയത്. പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുമ്പോൾ, ഗേറ്റ് കടന്നാൽ വലതുവശത്താണ് ഈ പൂന്തോട്ടം. ഇവിടെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ധാരാളം ചെണ്ടുമല്ലി പൂക്കൾ പൂത്തു വിടർന്ന് നിൽക്കുന്നു.. ഇവക്ക് ചുറ്റും പാറിക്കളിക്കുന്ന പൂമ്പാറ്റകളും വണ്ടുകളും വേറെ. പോലീസ് സ്റ്റേഷനിലെ എസ് ഐ ജോബി ജോർജിന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ഇതുപോലൊരു പൂന്തോട്ടത്തിന് കാരണം. കാടുപിടിച്ചു കിടന്ന ഈ പ്രദേശം വെട്ടി വെളുപ്പിച്ച്, പോലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള സ്വകാര്യ ഫാമിൽ നിന്ന് കുറച്ച് ചെണ്ടുമല്ലി വിത്തുകൾ വാങ്ങി കൃഷി ചെയ്തു. വനിത സിവിൽ പോലീസ് ഓഫീസർ ചന്ദ്രലേഖയും മറ്റ് സഹപ്രവർത്തകരും ചേർന്ന് ഇതിന് കൃത്യമായ ഇടവേളകളിൽ വെള്ളവും വളവും നൽകി. രാവിലെ തങ്ങളുടെ ജോലി തുടങ്ങുന്നതിനു മുൻപും വൈകീട്ട് ജോലി കഴിഞ്ഞതിനുശേഷം ആണ് ഈ ചെണ്ടുമല്ലി തോട്ടത്തെ പരിചരിക്കുവാൻ പോലീസുകാർ സമയം കണ്ടെത്തിയത്.




ജോലിയുടെ പിരിമുറുക്കങ്ങൾക്കിടയിലും ഇതുപോലുള്ള പ്രവർത്തനങ്ങൾ വലിയ സന്തോഷവും ഊർജ്ജവും പകരുന്നതാണെന്ന് ഈ പോലീസുകാർ വ്യക്തമാക്കുന്നു. വരും നാളുകളിൽ ബാക്കിയുള്ള സ്ഥലത്തും ഇതുപോലുള്ള വ്യത്യസ്തങ്ങളായ കൃഷി രീതികൾ പരീക്ഷിക്കുവാനുള്ള ഒരുക്കത്തിലാണ് കോടനാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ജോബി ജോർജ്ജും കൂട്ടരും

Follow us on :

More in Related News