Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് 7 വർഷം 11 മാസം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ

18 Mar 2025 20:12 IST

MUKUNDAN

Share News :

ചാവക്കാട്:സിപിഐഎം പ്രവർത്തകനായ യുവാവിനെയും,കൂട്ടുകാരനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് 7 വർഷം 11 മാസം കഠിനതടവും 45000 രൂപ പിഴയും ശിക്ഷ.ചൂണ്ടൽ ചെമ്മന്തിട്ട പഴുന്നാന ഭാഗത്ത് താമസിക്കുന്ന കതണ്ടാശേരിവീട്ടിൽ പ്രേമൻ മകൻ ശരത്തി(29)നെയും,തടയാൻ ശ്രമിച്ച കൂട്ടുകാരനായ അർജുനെയും മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്,ഇടിക്കട്ട,ഇരുമ്പ് കട്ട എന്നിവ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളായ ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട മുതിരപറമ്പത്ത് വീട്ടിൽ അശോകൻ മകൻ അഖിൽ എന്ന കുട്ടു(28),ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട കണ്ടൻകുളങ്ങര വീട്ടിൽ ബാലകൃഷ്ണൻ മകൻ വിഷ്ണു(29),ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട കണ്ടൻകുളങ്ങര വീട്ടിൽ സുരേന്ദ്രൻ മകൻ വിഷ്ണു(32),ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട കുഴി പറമ്പിൽ വീട്ടിൽ ഭാസി മകൻ ശ്രീഷിത്(28),ചൂണ്ടൽ പഴുന്നാന ചെമ്മന്തിട്ട കുളപ്പുറത്ത് വീട്ടിൽ മോഹനൻ മകൻ സനീഷ് എന്ന പക്രു(35) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ആകെ 7 വർഷം 11 മാസം കഠിനതടവിനും 45000 രൂപ പിഴയടയ്ക്കാനും,പിഴ അടച്ചില്ലെങ്കിൽ 7 മാസം കഠിനതടവിനും ശിക്ഷിച്ചത്.രണ്ടാം പ്രതിയായ പയ്യൂർ മാന്തോപ്പ് കൊട്ടിലിങ്ങൽ വളപ്പിൽ വീട്ടിൽ ഷാജി മകൻ ആദർശ്(29)വിചാരണ നേരിടാതെ ഒളിവിലാണ്.2018 മെയ് 20-ആം തിയ്യതി രാത്രി 7.30 മണിക്ക് സിപിഐഎം പാർട്ടിയുടെ കൊടി തോരണങ്ങൾ നശിപ്പിച്ചതിന് പരാതി കൊടുത്തതിനുള്ള രാഷ്ട്രീയ വിരോധം വെച്ച് ശരത്തും,സുഹൃത്തുക്കളും കൂടി സൗത്ത് പഴുന്നാനയിലുള്ള വീടിന് സമീപത്തെ പഞ്ചായത്ത് കിണറിന് സമീപത്ത് ഇരിക്കുന്ന സമയം ബിജെപി,ആർഎസ്എസ് പ്രവർത്തകരായ ഒന്നു മുതൽ ആറു കൂടിയ പ്രതികൾ മാരകായുധങ്ങളായ ഇരുമ്പ് പൈപ്പ്,ഇടിക്കട്ട,ഇരുമ്പ് കട്ട എന്നിവ കൈവശം വെച്ച് ന്യായ വിരോധമായി സംഘം ചേർന്ന് ബൈക്കുകളിൽ വന്നിറങ്ങി ഒന്നാംപ്രതി കൈയ്യിലിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ശരത്തിന്റെ തലക്കടിച്ചതിൽ തലയോട്ടി പൊട്ടുന്നതിനും,മറ്റു പ്രതികൾ കൈവശമുള്ള ഇരുമ്പ് കട്ട ഇടിക്കട്ട,കല്ലുകൾ എന്നിവ ഉപയോഗിച്ചും കൈകൊണ്ടും കാലുകൾ കൊണ്ടും ഇടിച്ചും,അടിച്ചും ശരത്തിന്റെ തലയിലും മുഖത്തും കൺപുരികത്തിലും ശരീരത്തിൻറെ മറ്റു പലഭാഗങ്ങളിലും മാരക മുറി പരിക്കുകൾ ഏൽപ്പിക്കുകയും ഇത് കണ്ട് തടയാൻ ചെന്ന സുഹൃത്തുക്കളെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.ആളുകൾ ഓടികൂടിയപ്പോൾ പ്രതികൾ കൊലവിളി നടത്തി ബൈക്കിൽ ചൂണ്ടൽഭാഗത്തേക്ക് പോവുകയും ചെയ്തു.പരിക്കേറ്റ ശരത്തിനെയും,അർജുനനെയും ബഹളം കേട്ട് ഓടിവന്ന നാട്ടുകാരും,ബന്ധുക്കളും കൂടി ചികിത്സയ്ക്കായി ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പരിക്കുകൾ ഗുരുതരമായതിനാൽ അവിടെനിന്ന് ശരത്തിന് ആംബുലൻസിൽ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ദിവസങ്ങളോളം ഐസിയുവിൽ കിടന്ന ശരത്തിന്റെ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.രാഷ്ട്രീയ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.പിഴ സംഖ്യ പരിക്കുപറ്റിയ ശരത്തിന് നൽകാൻ വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്,പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 രേഖകളും,തൊണ്ടിമുതലുകളും ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന എ.ജെ.വർഗീസ് മൊഴിയെടുത്ത കേസിൽ കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാൻ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആദ്യന്വേഷണം നടത്തുകയും,തുടർന്ന് കുന്നംകുളം എസ്ഐ ആയിരുന്ന വി.എസ്.സന്തോഷ് പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.


Follow us on :

More in Related News