Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2026 18:35 IST
Share News :
വൈക്കം: കെഎസ്ആർടിസി ബസ് എതിരെ വന്ന ടോറസ് ലോറിക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ടോറസ് ഡ്രൈവർ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാവിലെ 11ന് വല്ലകം സബ്സ്‌റ്റേഷനു സമീപമാണ് സംഭവം. പാലായിൽ നിന്നും വൈക്കത്തേക്കു വന്ന ബസിൻ്റെ മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതോടെ ബസും നിർത്തി. ഈ സമയം എതിരെ വന്ന ടോറസ് ലോറി ബസിനു കടന്നു പോകാൻ പറ്റാത്ത തരത്തിൽ നിർത്തി. ഇരു വാഹനത്തിനും കടന്നുപോകാൻ പറ്റാതെ വന്നതോടെ ബസിലെ ഡ്രൈവറെ ലോറി ഡ്രൈവർ അസഭ്യം പറഞ്ഞു. ഇരു കൂട്ടരുടെയും വാക്കുതർക്കം കയ്യാങ്കളിയിൽ എത്തിയതോടെ വിഷയത്തിൽ യാത്രക്കാർ ഇടപെട്ടെങ്കിലും അവർക്കു നേരെയും ടോറസ് ഡ്രൈവർ അസഭ്യവർഷം നടത്തിയതായി ബസിലെ യാത്രക്കാർ പറഞ്ഞു. തുടർന്ന് യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് വൈക്കത്ത് നിന്നും പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ്- വൈക്കം പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കയ്യാങ്കളിയിൽ പരുക്കേറ്റ പാലാ ഡിപ്പോയിലെ ബസ് ഡ്രൈവർ ജോർജ് സെബാസ്‌റ്റ്യൻ(51) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സെബാസ്‌റ്റ്യൻ്റെ പരാതിയെ തുടർന്ന് ടോറസ് ഡ്രൈവർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.എസ്.വിപിൻ (28)ൻ്റെ പേരിൽ കേസ് എടുത്തതായി പോലീസ് പറഞ്ഞു. ബസിലെ ഡ്രൈവർ തന്നെ അസഭ്യം വിളിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്ന് ടോറസ് ഡ്രൈവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.