Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആധാരം ഡിജിറ്റലാകും; രജിസ്ട്രേഷൻ വകുപ്പ് ആധുനികവത്കരണത്തിൻ്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

04 Feb 2025 23:23 IST

CN Remya

Share News :

കോട്ടയം: ആധാരം ഡിജിറ്റലാക്കുന്നതടക്കമുള്ള ആധുനികവത്കരണം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കി വരികയാണെന്ന് രജിസ്ട്രേഷൻ - മ്യൂസിയം - പുരാവസ്തു -പുരാരേഖാ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ജില്ലയ്ക്കകത്തുള്ള ഏത് ആധാരവും ജില്ലയിലെ ഏതു സബ് രജിസ്ട്രാർ ഓഫീസിലും  രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി വരികയാണ്. അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തെവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ആധാരം രജിസ്ട്രേഷനായി തീയതിയും സമയവും മുൻകൂട്ടി നിശ്ചയിച്ചുകൊണ്ടുള്ള ടോക്കൺ സമ്പ്രദായം നടപ്പാക്കി. രജിസ്ട്രാർ ഓഫീസുകളിലെ മുഴുവൻ പണമിടപാടുകളും ഇ പേയ്മെൻ്റ് , ഇ പോസ് സംവിധാനങ്ങൾ വഴിയാക്കും. വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഓൺലൈനായി നൽകാം.

ഈസ് ഓഫ് ഡൂയിങ് ബിസിനസിൻ്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ടുള്ള 'എൻ്റെ ഭൂമി' പോർട്ടൽ നടപ്പാക്കുന്നതിലൂടെ ആധാരം രജിസ്ട്രേഷൻ കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ കഴിയും. ആധാരം രജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം തന്നെ പോക്കുവരവ് നടത്തി ഭൂമിയുടെ ഡിജിറ്റൽ സ്കെച്ചടക്കം അന്നുതന്നെ ഉടമയ്ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ വിലയ്ക്കുമുള്ള മുദ്രപത്രങ്ങളും ഇ- സ്റ്റാമ്പിങിലൂടെ ലഭ്യമാക്കും. 

നൂറു വർഷത്തിലധികം പഴക്കമുള്ള സബ് രജിസ്ട്രാർ ഓഫീസുകൾ കിഫ്ബി പദ്ധതിയിൽപ്പെടുത്തി പുനർനിർമ്മിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

കോട്ടയം കളക്ടറേറ്റിലെ ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, രജിസ്ട്രേഷൻ ഐ.ജി. ശ്രീധന്യ സുരേഷ്,  ജില്ലാ രജിസ്ട്രാർ എബി ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. 

ഓഫീസിലെ സൗകര്യങ്ങളേക്കുറിച്ച് മന്ത്രി ജീവനക്കാരോട് ചോദിച്ചറിഞ്ഞു. ഇരുപത് മിനിറ്റോളം ജില്ലാ രജിസ്ട്രാർ ഓഫീസിൽ മന്ത്രി ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.

Follow us on :

More in Related News