Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈതൃകങ്ങള്‍ സൂക്ഷിക്കാനൊരിടം . കൊല്ലം സ്വപ്‌നം കാണുകയാണ് തങ്കശ്ശേരിയിലൂടെ

05 Sep 2024 10:39 IST

R mohandas

Share News :


കൊല്ലം: പൈതൃകങ്ങള്‍ സൂക്ഷിക്കാനൊരിടം . കൊല്ലം സ്വപ്‌നം കാണുകയാണ് തങ്കശ്ശേരിയിലൂടെ.

തങ്കശ്ശേരിയില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കാന്‍ 10 കോടി രൂപ അനുവദിച്ചു. പൈതൃകപ്പെരുമ ആവോളമുള്ള കൊല്ലത്ത് ഒരു പൈതൃക മ്യൂസിയം എന്ന ആവശ്യത്തിനും മ്യൂസിയം സ്ഥാപിക്കുമെന്ന പ്രഖ്യാപനങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നീളുന്ന കൊല്ലത്തിന്റെ വ്യാപാരവാണിജ്യ ചരിത്രം വിശദീകരിക്കുന്ന മ്യൂസിയത്തോടൊപ്പം സമുദ്രജീവിതങ്ങള്‍ മനസ്സിലാക്കാനുതകുന്ന ഓഷ്യനേറിയവും സ്ഥാപിക്കാനാണ് പദ്ധതി.

2020-21 ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം പഴമ നിലനിര്‍ത്തി മ്യൂസിയമാക്കുമെന്നായിരുന്നു പ്രഖ്യാപനം. പോര്‍ച്ചുഗീസ് സെമിത്തേരി, തങ്കശ്ശേരി കവാടം എന്നിവയുടെ നവീകരണത്തിനും അന്ന് തുക നീക്കിവെച്ചിരുന്നു.

കൈയേറ്റംമൂലം ഇല്ലാതായ ബക്കിങ്ഹാം കനാലിനു പുറകിലെ കൂരകള്‍ക്കു പിന്നില്‍ അലക്കുകല്ലുകള്‍ക്കിടയിലായി സെമിത്തേരി കാടുപിടിച്ച് ഇപ്പോഴുമുണ്ട്. പെയിന്റ് പൊളിഞ്ഞിളകിത്തുടങ്ങിയ കമാനത്തിലും പണിയൊന്നും നടന്നില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകളും പായലും വള്ളിച്ചെടികളുമൊക്കെയായി പെരുമ പേറുന്ന ഭൂതകാലത്തിന്റെ നിഴല്‍പോലെ കമാനം നിലകൊള്ളുന്നു. തങ്കശ്ശേരി കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ഏറ്റെടുത്തശേഷം വിശദ പദ്ധതിരേഖയും അപേക്ഷയും നല്‍കിയാല്‍ ഭൂമി കൈമാറുമെന്ന നിലപാടിലായിരുന്നു കഴിഞ്ഞ തവണ റവന്യൂ വകുപ്പ്. എന്നാല്‍ പ്രഖ്യാപനം ബജറ്റ് പെട്ടിയിലൊതുങ്ങി.


പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും മ്യൂസിയം സ്ഥാപിക്കുന്നതിനും അനുയോജ്യമായ സ്ഥലവും കെട്ടിടവും ലഭിക്കുന്നിെല്ലന്ന പേരിലാണ് പലപ്പോഴും കൊല്ലത്ത് പൈതൃക മ്യൂസിയം എന്ന ആവശ്യം നിരാകരിക്കപ്പെട്ടിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ വളപ്പിലെ ചീനക്കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്നും അവിടെ പുരാവസ്തുക്കള്‍ സൂക്ഷിക്കാനും ഗവേഷണത്തിനും ഉപയോഗിക്കാന്‍ പറ്റുന്ന മ്യൂസിയം സ്ഥാപിക്കണമെന്നുമായിരുന്നു ആദ്യകാലത്ത് ഉയര്‍ന്ന ആവശ്യങ്ങളിലൊന്ന്. ചീനക്കൊട്ടാരം പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമല്ലെന്ന കാരണത്താല്‍ വകുപ്പ് ഈ ആവശ്യം തള്ളി.പൈതൃകസ്മാരകമായി സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയെങ്കിലും സര്‍ക്കാര്‍ ഓഫീസായി തുടരുകയാണ് കസബ ജയില്‍. ഇതിനിടെ ചരിത്രത്തിന്റെ അപൂര്‍വശേഷിപ്പുകള്‍ നിലനില്‍ക്കുന്ന തങ്കശ്ശേരിയില്‍ പൈതൃകഗ്രാമം എന്ന പദ്ധതിയുമായി കൊല്ലം കോര്‍പ്പറേഷന്‍ രംഗത്തെത്തിയിരുന്നു. ഈ പദ്ധതിയും കടലാസില്‍ ഒതുങ്ങി.


Follow us on :

More in Related News