Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 17:57 IST
Share News :
വൈക്കം: വൈക്കം ക്ഷേത്ര വാദ്യ കലാകാരൻ തേരോഴി രാമകുറുപ്പിന് തിരുവിതാംകൂർ രാജമുദ്ര ആലേഖനം ചെയ്ത വീരശ്രംഖല നല്കി ആദരിച്ചു. വൈക്കം വടയാർ സമൂഹത്തിൽ നടന്ന ചടങ്ങിൽ തന്ത്രിമാരായ മനയത്താറ്റ് മന ചന്ദ്രശേഖരൻ നമ്പൂതിരി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ് അഞ്ചര പവൻ തൂക്കം വരുന്ന വീരശ്യംഖല സമർപ്പിച്ചത്. സംഘാടക സമിതി ചെയർമാൻ വി.ആർ.സി.നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമർപ്പണ ചടങ്ങ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. പുലിയന്നൂർ മന ശശി നമ്പൂതിരി പ്രശസ്തി പത്രവും കിഴക്കൂട്ട് അനിയൻ മാരാർ പുഷ്പ കിരീടവും ചോറ്റാനിക്കര വിജയൻ മാരാർ പുഷ്പഹാരവും സമർപ്പിച്ചു. സി.കെ. ആശ എം.എൽ.എ രാമ കുറുപ്പിന്റെ ഭാര്യ സരസ്വതി വാരാ സ്യാർക്ക് ഉപഹാരം നല്കി. വൈക്കം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി, മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതരാജേഷ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വൈക്കം നഗര സഭാ കൗൺസിലർമാരായ കെ.ബി.ഗിരിജകുമാരി, എൻ. അയ്യപ്പൻ ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന പ്രസിഡൻ്റ് അന്തികാട് പത്മനാഭൻ , സംഘാടക സമിതി ജനറൽ കൺവീനർ അരയൻകാവ് രതീഷ്, ജോയിന്റ് കൺവീനർ കൃഷ്ണനാഥ് വെങ്കിട്ടരാമൻ എന്നിവർ പ്രസംഗിച്ചു. ചേരനെല്ലൂർ ശങ്കരൻ കുട്ടി മാരാർ, വൈക്കം ചന്ദ്രൻ മാരാർ, കീഴൂട്ട് നന്ദനൻ, കാലടി കൃഷ്ണയ്യർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വാദ്യാ കലാസ്വാദകരും ശിഷ്യരും വിവിധ ക്ഷേത്ര ഭാരാവാഹികളെയും കൂട്ടായ്മയിൽ " അഭിരാമം'' സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിന് നീണ്ടൂർ മന നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ചെമ്പു പുറം കൃഷ്ണൻ കുട്ടി പണിക്കർ, കോന്നി വിപിൻ എന്നിവരുടെ സോപാന സംഗീതം, സദനം ഭരതരാജൻ, കല്ലൂർ സന്തോഷ്, ചേർപ്പുളശ്ശേരി ഹരിഹരൻ , കലാമണ്ഡലം അജു വിജയൻ , കലാമണ്ഡലം അർജുൻ , തൃപ്പുണിത്തുറ ശ്രീലാൽ, തൃപ്പൂണിത്തറ പുതിയ കാവ് വിനയ്, ഉദയംപേരുർ ജയൻ വാര്യർ, മുരിയമംഗലം രാജു ,തൃക്കുപുരം സനോജ് എന്നിവരുടെ പഞ്ച മദ്ദളക്കേളി, പനമണ്ണ മനോഹരൻ പനമണ്ണ മഹേഷ് കാവിൽ അജയൻ , കലാമണ്ഡലം ഹരീഷ് , തിടനാട് അനു വേണു ഗോപാൽ , അങ്ങാടിപ്പുറം വിമൽ എന്നിവരുടെ രാഗമൃതം, മാർഗി രഹിതകൃഷ്ണദാസ്, ചെറുശ്ശേരി അർജുൻ, പല്ലശ്ശന ഗോകുൽ , ചോറ്റാനിക്കര ഹരീഷ്, തിരുവാങ്കുളം രഞ്ജിത് , അശോകപുരം അഭിലാഷ്, തൃക്കാകര ധനയൻ, എടത്തല സനോജ്, മാരായമംഗലം രാജിവ് , അരയൻകാവ് രാഹുൽ, തൃപ്പൂണിത്തറ ശരത്, പല്ലശന നിധിഷ്, പുതിയ കാവ് അമൽ കൃഷ്ണൻ എന്നിവരുടെ ഇരട്ട തായമ്പകയും പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ചേരാനെല്ലൂർ ശങ്കരൻ കുട്ടൻ മാരാർ, തിരുവല്ല രാധ കൃഷ്ണൻ തുടങ്ങിയ 111 കലാകാരൻമാർ വൈക്കം ക്ഷേത്രത്തിൽ നടത്തിയ പഞ്ചാരിമേളവും സമർപ്പണ ചടങ്ങിന് മോടി കൂട്ടി.1946 ൽ ചേർത്തല താലൂക്കിൽ തിരുനെല്ലൂർ ജനിച്ച രാമ കുറുപ്പ് ഒമ്പതാം ക്ലാസിൽ പഠനം നിർത്തി അമ്മാവനായ കളരിക്കൽ പാച്ചു കുറുപ്പിന്റെ ശിക്ഷണത്തിൽ മേളം, തായമ്പക കൊട്ടിപ്പാടി സേവ എന്നിവ അഭ്യസിച്ചു.പതിനഞ്ചാം വയസിൽ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തായമ്പകയിൽ അരങ്ങേറ്റം നടത്തി. അമ്മാവനായ തേ രോഴി അച്ചുത കുറുപ്പിന്റെ ശിക്ഷണത്തിൽ വടയാറിൽ താമസിച്ച് പഞ്ചവാദ്യം കളമെഴുത്തുപാട്ടും വശമാക്കി. പുതുശ്ശേരി നാരായണ കുറുപ്പിന്റെ കീഴിൽ കളം പൂജ, ഉൽസവ ബലി, കലശം, മരപ്പാണി, വലിയ ഗുരുതി തുടങ്ങിയ ക്രീയകളും പഠിച്ചു. വടയാർ ഇളങ്കാവ് ദേവി ക്ഷേത്രത്തിൽ 42 വർഷം കാരാഴ്മ അടിയന്തരത്തിൽ ജോലി നോക്കിയ രാമ കുറുപ്പ് ക്ഷേത്ര കലാപീഠം, ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രം, തൈക്കാട്ട്ശ്ശേരി പുന്നക്കീഴിൽ ഭഗവതി ക്ഷേത്രം, തിരുനല്ലൂർ മഹാവിഷ്ണു ക്ഷേത്രം, ആയാംകുടി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ ജോലി നോക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ഗരുഡൻ തൂക്കത്തിന് നടത്തുന്ന മേളത്തിൽ നിറസാന്നിദ്ധ്യമാണ് രാമ കുറുപ്പ്. 1961 ൽ കനകകുന്ന് കൊട്ടാരത്തിൽ കളമെഴുത്ത് പാട്ടിന് ഗവർണ്ണറുടെ പക്കൽ നിന്നും പ്രശംസാപത്രവും സർട്ടിഫിക്കറ്റും ലഭിച്ചു. 2003 ൽ നടന്ന ഫൊക്കാന ഫെസ്റ്റിവലിൽ പ്രശംസാപത്രം, 2005 ൽ മള്ളിയൂർ വിനായക ചതുർത്ഥിയുടെ ഭാഗമായി മള്ളിയൂർ ശങ്കരൻ നമ്പൂതിരിയിൽ നിന്നും സ്വർണ്ണ പതക്കവും പൊന്നാടയും 2006 ൽ വടയാർ ഇളങ്കാവ് ക്ഷേത്ര ഉപദേശക സമിതിയുടെ സ്വർണ്ണ പതക്കം, തൃപ്പൂണിത്തുറ ഭദ്രകീർത്തി പുരസ്കാരം, ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ നിന്നും മാതംഗി സുവർണ്ണ പുരസ്കാരം, കുമാരനെല്ലൂർ കാർത്ത്യായനി ദേവി പുരസ്കാരം, ഉദയനാപുരത്തപ്പൻ പുരസ്കാരം തുടങ്ങിയ നിരവധി ബഹുമതികൾ തേരോഴിക്ക് ലഭിച്ചിട്ടുണ്ട്.
സ്വരസ്വതി വാരസ്യാരാണ് ഭാര്യ.
ഉണ്ണികൃഷ്ണൻ ( അദ്ധ്യാപകൻ യു ഐ . ടി കോളേജ് ആരൂർ ), ഹരികൃഷ്ണൻ ( ഉദയനാപുരം ദേവസ്വം വാദ്യ കലാകരൻ ) എന്നിവർ മക്കളും അഞ്ജു കൃഷ്ണൻ ,രമ്യ കൃഷ്ണൻ എന്നിവർ മരുമക്കളുമാണ്.
Follow us on :
Tags:
More in Related News
Please select your location.