Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 20:49 IST
Share News :
മലപ്പുറം/കൊണ്ടോട്ടി: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനുകീഴില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവം-2025 ഫെബ്രുവരി 2 മുതല്‍ 9 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ നടത്തും. ഫെബ്രുവരി 2-ന് ഞായറാഴ്ച വൈകുന്നേരം 6-മണിക്ക് കായിക ,വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മഹോത്സവം ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 9-ന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.പി. സുനീര്‍ എം.പി., ടി.വി. ഇബ്രാഹിം എം.എല്‍.എ., പി. നന്ദകുമാര്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വി.ടി. മുരളി, എം.എം. നാരായണന്‍, ജി.പി. രാമചന്ദ്രന്‍, വി.പി. മന്‍സിയ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍ സി.എ. തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
ഫെബ്രുവരി 2-ന് ഞായറാഴ്ച വിദ്യാര്‍ത്ഥികളുടെ കലാമേള, ചിത്രപ്രദര്‍ശനം, സാംസ്‌കാരിക ഘോഷയാത്ര, കോഴിക്കോട് കാദംബരിയുടെ ലൈവ് ബാന്റ് മെഗാ ഷോ എന്നീ പരിപാടികള്‍ നടക്കും.
രണ്ടാം ദിവസം തിങ്കളാഴ്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാ സംഗമം, വാക്കും നോക്കും, അറബന മുട്ടും റാത്തീബും, ഗസല്‍ രാവ് എന്നീ പരിപാടികള്‍ അരങ്ങേറും.
മൂന്നാം ദിവസം അംഗന്‍വാടി പ്രവര്‍ത്തകരുടെ കലാസംഗമം, കോല്‍ക്കളി, ''മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍'' എന്ന നാടകം, ഫൈസല്‍ എളേറ്റിലിന്റെ പാട്ടും പറച്ചിലും എന്നീ പരിപാടികള്‍ നടക്കും.
നാലാം ദിവസം ബുധനാഴ്ച മാപ്പിളപ്പാട്ട് അന്താക്ഷരി, പി. ജയചന്ദ്രന്‍-എം.ടി. അനുസ്മരണവും ഗാനസ്മൃതിയും, കെ.വി. അബൂട്ടിയുടെ പാട്ടും പറച്ചിലും എന്നീ പരിപാടികളാണ് നടത്തപ്പെടുക.
അഞ്ചാം ദിവസം ഫാറൂഖ് ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ദേശീയ സെമിനാറില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. അതേ ദിവസംതന്നെ കൊണ്ടോട്ടി അക്കാദമിയില്‍ മാപ്പിളപ്പാട്ട് കവിയരങ്ങ്, സാംസ്‌കാരിക സമ്മേളനം, അന്തിപ്പൊന്‍വെട്ടം ഗാനമേള എന്നീ പരിപാടികള്‍ നടക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ ''കലയും മത നിരപേക്ഷതയും'' എന്ന വിഷയത്തില്‍ ജി.പി. രാമചന്ദ്രന്‍ വൈദ്യര്‍ സ്മാരക പ്രഭാഷണം നടത്തും.
ആറാം ദിവസം വെള്ളിയാഴ്ച കൊണ്ടോട്ടി തൗദാരം, ഖവാലി, ഫിറോസ് ബാബുവിന്റെ പാട്ടും പറച്ചിലും എന്നീ പരിപാടികളാണ് അവതരിപ്പിക്കപ്പെടുക.
ഏഴാം ദിവസം ശനിയാഴ്ച സാക്ഷരതാമിഷന്‍ കലാമേള, മാപ്പിള കലാ ക്വിസ് റിയാലിറ്റി ഷോ, മാപ്പിളകലാ നാടന്‍ കലാ ഉല്‍സവം എന്നിവ അരങ്ങേറും.
എട്ടാം ദിവസം ഞായറാഴ്ച ഖിസ്സപ്പാട്ട് സംഗമം, മുട്ടിപ്പാട്ട് എന്നിവക്കു ശേഷം ചേരുന്ന സമാപന സമ്മേളനത്തില്‍ മാപ്പിള കലാ സാംസ്‌കാരിക രംഗത്തെ മണ്‍മറഞ്ഞ പ്രതിഭകളുടെ ഫോട്ടോകള്‍ അനാച്ഛാദനം ചെയ്യും. മഹോത്സവത്തിന്റെ സമാപന പരിപാടിയായി ''ഇശല്‍ മഴ'' എന്ന സംഗീത പരിപാടിയും അരങ്ങേറും. കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള മാപ്പിളപ്പാട്ട് ഗാനമേള ട്രൂപ്പുകള്‍ തമ്മിലുള്ള പാട്ട് മത്സരമാണ് ''ഇശല്‍ മഴ''.
പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരാലി, അക്കാദമി അംഗങ്ങളായ രാഘവന്‍ മാടമ്പത്ത്, പി. അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.