Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 20:13 IST
Share News :
കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ കോട്ടയം ജില്ലയിൽ ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാംതവണ. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്കു തദ്ദേശ സ്വയംഭരണ വകുപ്പ് ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാമതെത്തിയ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ പുരസ്‌കാരത്തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും.
മാലിന്യനിർമ്മാർജ്ജനരംഗത്ത് സർക്കാർ നിഷ്‌കർഷിച്ച മാനദണ്ഡങ്ങലെല്ലാം പാലിച്ച് മികച്ച നേട്ടമുണ്ടാക്കാനായതാണ് ഇത്തവണ പുരസ്‌കാരത്തിനർഹമാക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ആധുനിക എം.സി.എഫും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിനായി സ്‌കൂളുകളിലടക്കം തുമ്പൂർമൂഴി സംവിധാനം ഒരുക്കി. ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിൽനിന്നും അജൈവമാലിന്യങ്ങളും പാഴ് വസ്തുക്കളും ശേഖരിച്ചു. പൈതയോരങ്ങളെല്ലാം പൊതുജന സഹകരണത്തോടെ വൃത്തിയാക്കി. മാലിന്യം വലിച്ചെറിയുന്നതിനെതിരേ ബോധവത്കരണം നടത്തുകയും ശക്തമായ നടപടികളെടുക്കുകയും ചെയ്തു. മാലിന്യം പൊതുസ്ഥലത്തു തള്ളിയ 43 പേരിൽനിന്ന് പിഴ ഈടാക്കി. ജലാശയങ്ങളിലെ പ്‌ളാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്ത് പരിധിയിലെ സ്ഥലങ്ങളിൽ പൂന്തോട്ടങ്ങൾ ഒരുക്കി. 2023-24 വർഷത്തിൽ ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ 100 ശതമാനവും പൂർത്തീകരിച്ചു. നികുതി പിരിവ് 95 ശതമാനം പൂർത്തീകരിച്ചു. ഇതോടൊപ്പം പശ്ചാത്തല വികസനം, കൃഷി, മാലിന്യ സംസ്‌കരണം, പ്രകൃതിസംരക്ഷണം, ടൂറിസം മുതലായ മേഖലകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനായി.
നവകേരള നിർമ്മിതിക്കായി തദ്ദേശസ്വയംഭരണ സ്ഥാപനം ഏറ്റെടുത്ത് നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും തുടങ്ങിവച്ച ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുമെന്നും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ പറഞ്ഞു.
സ്വരാജ് ട്രോഫി പുരസ്‌കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്. പത്തുലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ, വാർഷിക പദ്ധതിയിലെ പ്രവർത്തനമികവ്, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിനെ പുരസ്‌കാര നേട്ടത്തിൽ എത്തിച്ചത്.
Follow us on :
Tags:
More in Related News
Please select your location.