Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിന്ദുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തലയോലപ്പറമ്പ് ഗ്രാമം.

04 Jul 2025 16:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി തലയോലപ്പറമ്പ് ഗ്രാമം.രാവിലെ 8.30 ന് ബിന്ദുവിൻ്റെ ചേതനയറ്റ ശരീരം എത്തിച്ചത് മുതൽ ഉമ്മാം കുന്നിലുള്ള മേപ്പോത്തുകുന്നേൽ വീട്ടിലേക്ക് ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അർപ്പിക്കാനും എത്തിയത് ആയിരങ്ങളാണ്. ഒരു നാട് മുഴുവൻ ഇവിടെക്ക് ഒഴുകിയെത്തുകയായിരുന്നു. പണിതിരാത്ത ചെറിയ കൂരയിലേക്ക് നടപ്പ് വഴിയിലൂടെ പോകുക പ്രയാസമായതിനാലും സ്ഥലക്കുറവ് മൂലവും ഇതിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പന്തലിട്ടാണ് പൊതുദർശനത്തിന് ഇടം ഒരുക്കിയത്. രാവിലെ 11നാണ് സംസ്കാരം പറഞ്ഞതെങ്കിലും ആയിരങ്ങൾ ആന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നതിനാൽ ഉച്ചയ്ക്ക് 12.45

ഓടെയാണ് മൃതദേഹം ചടങ്ങുകൾക്കായി വീട്ടിൽ കൊണ്ടുപോയത്. വീടിരിക്കുന്ന ചെറിയ സ്ഥലം മാത്രം ഉള്ളതിനാൽ സമീപത്തെ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ മകൻ നവനീത് ചിതയ്ക്ക് തീ കൊളുത്തി.തീർത്തും പാവപ്പെട്ട ഒരു കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. ഇവർ താമസിക്കുന്ന വീടിൻ്റെ പണികൾ പോലും പൂർത്തിയായിട്ടില്ല. മകൾ നവമിയുടെ കഴുത്തിൻ്റെ ചികിത്സക്ക് കൂട്ടിരിപ്പുകാരിയായി കോട്ടയം മെഡിക്കൽ കോളേജിൽ ഈ മാസം ഒന്നിന് എത്തിയതായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും. ഇന്നലെ രാവിലെ 10.45 ഓടെ തകർന്നു വീണ ആശുപത്രി

കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ തീരാ ദു:ഖം ഒരു നാടിൻ്റെ മുഴുവൻ സങ്കടമായി മാറുന്ന കാഴ്ചയാണ് ഇന്ന് തലയോലപ്പറമ്പിലെ വീട്ടിൽ കണ്ടത്.

ആദ്യമായി തനിക്ക് കിട്ടിയ ശമ്പളം ഇന്നലെ അമ്മയുടെ കയ്യിലേൽപിക്കാൻ കാത്തിരുന്നതാണ് സിവിൽ എൻജിനീയറായ ശേഷം കഴിഞ്ഞ മാസം എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് കയറിയ മകൻ നവനീത്. ആ സന്തോഷത്തിന് കാത്തുനിൽക്കാതെ

തന്നെ വിട്ടുപോയ അമ്മയെ വിളിച്ച് നെഞ്ചുപൊട്ടി നിലവിളിക്കുകയാണ് നവനീത്. വാവിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളുണ്ടായിരുന്നില്ല.

തനിക്കൊപ്പം കൂട്ടിരിക്കാനെത്തിയ അമ്മയിനി ഒരിക്കലും തനിക്കൊപ്പമില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ മകൾ നവമിക്ക് കഴിഞ്ഞിട്ടില്ല. വാർധക്യത്തിൽ തനിക്ക് തണലാകേണ്ട മകളുടെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്ന അവളെക്കുറിച്ച് എണ്ണിപ്പറഞ്ഞ് നിലവിളിക്കുന്ന ബിന്ദുവിൻ്റെ അമ്മ സീതാലക്ഷ്മി സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരുടെയും കണ്ണുനിറച്ചു. വീടിൻ്റെയും തൻ്റെയും കുട്ടികളുടെയും അമ്മയുടെയും എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ നോക്കിയിരുന്ന ബിന്ദു ഇനി ആശ്രയമായി ഇല്ലെന്ന വേദന കടിച്ചമർത്തി നിന്നിരുന്ന വിശ്രുതനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ വിതുമ്പുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഫർണ്ണീച്ചർ നിർമ്മാണ തൊഴിലാളിയായ വിശ്രുതന് ജോലി ഇല്ലാത്തപ്പോഴും ദിവസം 300 രൂപ ദിവസക്കൂലിക്ക് തലയോലപ്പറമ്പിലെ

വസ്ത്രശാലയിൽ പോയി ജോലി ചെയ്താണ് ബിന്ദു കുടുംബം പുലർത്തിയിരുന്നത്.പൊതു ദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് എടുക്കുന്ന സമയത്ത് അതുവരെ തെളിഞ്ഞ് നിന്നിരുന്ന പ്രകൃതി വരെ കണ്ണീർ തൂകി.

Follow us on :

More in Related News