Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്; മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ദേശതാലപ്പൊലി ഭക്തി സാന്ദ്രമായി.

01 Apr 2025 21:13 IST

santhosh sharma.v

Share News :

വൈക്കം: ആചാരപെരുമയോടെ മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് ചൊവ്വാഴ്ച വൈകിട്ട് നടന്ന ദേശതാലപ്പൊലി ഭക്തി സാന്ദ്രമായി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തുന്ന വടക്കുപുറത്ത് പാട്ടിന്റെ മുന്നോടിയായി ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നുമാണ് ദേശതാലപ്പൊലി നടന്നത്. വൈക്കത്തപ്പന്റെ പുത്രനായ ഉദയ നാപുരത്തപ്പന്റെ സന്നിധാനത്തു നിന്നും ഉദയനാപുരത്തെ നാലു എൻ. എസ്. എസ്. കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ദേശതാലപ്പൊലി വടക്കു പുറത്തുപാട്ടിന്റെ വിളംബരമാണ്. പഴയ വടക്കുംകൂർ രാജ്യമായ വൈക്കം ദേശത്തിന്റ ദേശദേവതകളായ തൈക്കാട്ട്ശ്ശേരി ക്ഷേത്രത്തിലും മൂത്തേടത്ത് കാവ് ഭഗവതി ക്ഷേത്രത്തിലും വൈക്കം ക്ഷേത്രത്തിൽ നടക്കുന്ന വടക്കു പുറത്ത് പാട്ട് വിവരം അറിയിക്കുന്ന ചടങ്ങാണ് ദേശതാലപ്പൊലി. തൈക്കാട്ട്ശ്ശേരി ക്ഷേത്രത്തിലേക്കുള്ള ദേശതാലപ്പൊലി കാൽ നാട്ടിയശേഷം 38 -ആം ദിവസം നടന്നു.ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് ശേഷം ഉദയനാപുരം ക്ഷേത്രത്തിലെ നട തുറന്ന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി ശ്രികോവിലിൽ നിന്നും കൊളുത്തിയ ദീപം കുത്തുവിളക്കിലേക്ക് പകർന്നു. വൈകിട്ട് 3.30ന് മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ദേശ താലപ്പൊലി വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി നാലമ്പലത്തിന്റെ തെക്കുഭാഗത്തായി കുടികൊള്ളുന്ന പനച്ചിക്കൽ ഭഗവതി നടയിൽ താലം സമർപ്പിച്ചു. തുടർന്ന് വൈക്കം ക്ഷേത്രത്തിലെ കീഴ്ശാന്തി പനച്ചിക്കൽ നടയിൽ വച്ച് താലങ്ങൾ വീണ്ടും നിറച്ച് മൂത്തേടത്ത് കാവിലേക്ക് പുറപ്പെട്ടു. ദീപാരാധനയാടെ മൂത്തേടത്ത് കാവ് ക്ഷേത്രത്തിൽ എത്തിയ താലപ്പൊലിയെ ആചാരപ്രകാരം ക്ഷേത്രം ഭാരവാഹികൾ എതിരേറ്റു. തുടർന്ന് ക്ഷേത്രത്തിൽ താലസമർപ്പണവും നടന്നു. ദേശതാലപ്പൊലി നടക്കുന്ന നാളിൽ ഉച്ച പൂജക്ക് നടയടച്ചതിന് ശേഷം നട തുറന്ന് തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ നിന്നും കൊണ്ടുവരുന്ന ദീപം കുത്തുവിളക്കിലേക്ക് പകരും തുടർന്ന് കർപ്പൂരരാധനക്ക് ശേഷം ഭക്തരുടെ കൂട്ട പ്രാർത്ഥനയോടെ ബലിക്കൽ പുരയിൽ വച്ച് താലങ്ങൾ നിറച്ച അലങ്കാരങ്ങളോടും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുമാണ് ദേശതാലപ്പൊലി പുറപ്പെട്ടത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കു പുറത്ത് പാട്ട് പുനരാംഭിച്ച ശേഷം ആറാമത് തവണ നടക്കുന്ന ദേശതാലപ്പൊലിക്ക് നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു. ചടങ്ങുകൾക്ക് എൻ എസ് എസ് വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.ജി.എം. നായർ, സെക്രട്ടറി അഖിൽ ആർ. നായർ സംയുക്ത കരയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. നാളെ (ഏപ്രിൽ 2 )മുതൽ 13 വരെയാണ് വടക്കു പുറത്ത് പാട്ട് നടക്കുന്നത്.

Follow us on :

More in Related News