Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റും മുഖ്യമന്ത്രിയുമായി മുഖാമുഖവും മേയ് 11ന് കോട്ടയത്ത്: മന്ത്രി ഡോ. ബിന്ദു

09 May 2025 15:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർഥികളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മേയ് 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഏറ്റുമാനൂരിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം ഇക്കഴിഞ്ഞ വർഷങ്ങളിൽ ആർജിച്ച രാജ്യാന്തര മികവിനെ അടയാളപ്പെടുത്തുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ പട്ടിത്താനം ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററാണ് പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിനും മുഖ്യമന്ത്രിയുമായുള്ള മുഖാമുഖത്തിനും വേദിയാവുക - മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 

കേരളത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കിയും ഉന്നതവിദ്യാഭ്യാസത്തിന്റെ ആഗോള ഹബ്ബാക്കിയും മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് വിദ്യാർത്ഥി-ഗവേഷക സമൂഹവുമായി മുഖ്യമന്ത്രി സംവദിക്കും. സംസ്ഥാനത്ത് വിവിധ പ്രൊഫഷണൽ കോഴ്‌സുകൾ ചെയ്യുന്ന രണ്ടായിരത്തി അഞ്ഞൂറോളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് സമ്മിറ്റിൽ പങ്കാളികളാവുക. ആരോഗ്യം, എൻജിനീയറിംഗ്, നിയമം, മാനേജ്മെന്റ്, ഫിഷറീസ്, വെറ്ററിനറി, ഫാർമസി, നഴ്‌സിംഗ്, കൃഷി, ഫൈൻ ആർട്‌സ് തുടങ്ങിയ പത്തോളം പ്രൊഫഷണൽ മേഖലയിലെ കേരളത്തിലുടനീളമുള്ള കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഗവേഷകരുമാണിവർ. സംസ്ഥാന സർവകലാശാലകൾക്കു കീഴിലെ ഗവേഷണ കേന്ദ്രങ്ങളിലെയും സംസ്ഥാനത്തു പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകർ ഇതിലുൾപ്പെടും. ചോദ്യോത്തര പരിപാടിയുടെ രീതിയിലാണ് സമ്മിറ്റും മുഖാമുഖവും ആവിഷ്‌കരിച്ചിരിക്കുന്നത്.  

രാവിലെ കൃത്യം എട്ടരയ്ക്ക് സമ്മിറ്റിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. പത്തുമണിയ്ക്ക് സമ്മിറ്റിന് തുടക്കമാവും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായിരിക്കും. പത്തര മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ആരോഗ്യം-വനിതാ ശിശു വികസനം വകുപ്പു മന്ത്രി വീണ ജോർജ്ജ് എന്നിവർ മുഖ്യാതിഥികളാവും. 

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാർ, കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി ജഗതിരാജ്, ട്രസ്റ്റ് റിസർച്ച് പാർക്ക് ചെയർമാൻ ഡോ. സാബു തോമസ്, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ജില്ലാ കളക്ടർ ജോൺ വി സാമുവൽ കോട്ടയം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വർഗ്ഗീസ് പി പുന്നൂസ് എന്നിവരും വേദിയിലുണ്ടാവും. കൃത്യം പതിനൊന്നു മണിയ്ക്ക് ചർച്ച ആരംഭിക്കും. തുടർന്നു മുഖ്യമന്ത്രി മറുപടി പറയും - മന്ത്രി ഡോ. ആർ.ബിന്ദുവും സംഘാടക സമിതി ചെയർമാനായ മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറും അറിയിച്ചു.

Follow us on :

More in Related News