Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 15:23 IST
Share News :
കടുത്തുരുത്തി :കാടിനും ചുറ്റുമുള്ള ജന്തുജാലങ്ങൾക്കും ഭീഷണിയാകുന്ന മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) ഉപയോഗിച്ചുള്ള ന്യൂസ് പ്രിന്റ് ഉൽപാദനം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) പൊടിപൊടിക്കുന്നു. വയനാട്ടിൽ നിന്ന് 113 ലോഡുകളിലായി എത്തിച്ച 2,667 ടൺ മഞ്ഞക്കൊന്നയാണ് പേപ്പറാക്കിയത്. പൾപ്പ് ഉൽപാദിപ്പിക്കാൻ മഞ്ഞക്കൊന്ന ഉപയോഗിക്കാൻ ജൂലൈയിലാണ് വനംവകുപ്പ് ഉത്തരവിറക്കിയത്. ആഗസ്‌തിൽ ഉൽപ്പാദനം ആരംഭിച്ചു.
മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിൽ നിന്ന് ആദ്യഘട്ടത്തിൽ 5,000 മെട്രിക് ടൺ മഞ്ഞക്കൊന്ന ശേഖരിക്കുന്നതിനാണ് കെപിപിഎല്ലിന് അനുമതി. മെട്രിക് ടണ്ണിന് 350 രൂപ നിരക്കിലാണ് മരം നൽകുന്നത്. തുക സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനാണ് വിനിയോഗിക്കുക. കേന്ദ്രം കൈയൊഴിഞ്ഞതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത സ്ഥാപനമാണ് കെപിപിഎൽ. വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മഞ്ഞക്കൊന്നയും പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്നത്.
മഞ്ഞക്കൊന്നയ്‌ക്കൊപ്പം മുള, മറ്റു തടികൾ, പഴയ പേപ്പറുകൾ എന്നിവ ചേർത്താണ് ന്യൂസ്‌പ്രിന്റ് നിർമിക്കുന്നത്. അധിനിവേശ സസ്യങ്ങളുടെ ഇനത്തിൽപെട്ട മഞ്ഞക്കൊന്ന വയനാട് വന്യജീവി സങ്കേതത്തിലാണ് പ്രധാനമായും വ്യാപിക്കുന്നത്. അവിടെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിരുന്നു. കാട്ടിലെ മറ്റു സസ്യ, ജന്തുജാലങ്ങൾക്ക് ഭീഷണി ഉയർത്തുന്നതാണ് മഞ്ഞക്കൊന്നയുടെ സാന്നിധ്യം. വന്യജീവികൾക്ക് തീറ്റയായി പോലും ഇവയുടെ ഇല ഉപയോഗപ്പെടില്ല. മനുഷ്യ- വന്യജീവി സംഘർഷങ്ങൾക്കും മഞ്ഞക്കൊന്നയുടെ അതിവേഗവ്യാപനം കാരണമാകുന്നതായും വനംവകുപ്പ് വിലയിരുത്തി. വെട്ടിനീക്കുന്ന ഇടങ്ങളിൽ വീണ്ടും മരം വളരാതിരിക്കാൻ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി (ഇഡിസി) ശ്രമിക്കും.
Follow us on :
Tags:
More in Related News
Please select your location.