Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ: രണ്ടാം ഘട്ട പൂർത്തീകരണം നാളെ

30 Dec 2024 15:29 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ചൊവ്വാഴ്ച (ഡിസംബർ 31) ജില്ലയിലെ 1027 വിദ്യാലയങ്ങളും 87 കലാലയങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. 

രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ ജില്ലയിൽ ആകെയുള്ള 1114 വിദ്യാലയങ്ങളും 154 കലാലയങ്ങളും ഹരിതമായി പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം. ശുചിത്വ മാലിന്യ സംസ്‌ക്കരണവും മറ്റ് അടിസ്ഥന സൗകര്യങ്ങളും ഉറപ്പാക്കിയാണ് ഹരിതപ്രഖ്യാപനം. ഹരിതകേരളം മിഷൻ തയ്യാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ എ ഗ്രേഡും എ പ്ലസ് ഗ്രേഡും നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഹരിതമായി പ്രഖ്യാപിക്കുന്നത്.

 രണ്ടാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ 25 ശതമാനം വിനോദസഞ്ചാര/തീർഥാടന കേന്ദ്രങ്ങളും ഡിസംബർ 31ന് ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. 

നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ജെ.എസ്. ഫാം, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രം, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ സെന്റ് അൽഫോൻസാ തീർത്ഥാടന കേന്ദ്രം, പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളി, കുമരകം ഗ്രാമ പഞ്ചായത്തിലെ കുമരകം പക്ഷി സങ്കേത കേന്ദ്രം, വൈക്കം നഗരസഭയിലെ വൈക്കം ബീച്ച് എന്നിവയാണു ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്. ഒന്നാംഘട്ടത്തിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ഇല്ലിക്കൽക്കല്ല്, മണർകാട് ഗ്രാമപഞ്ചായത്തിലെ നാലുമണിക്കാറ്റ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ മാംഗോ മെഡോസ് അഗ്രിക്കൾച്ചർ തീം പാർക്ക് എന്നിവ ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. 

 ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിനായി ഒക്ടോബർ രണ്ടിനാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യമ്പയിൻ ആരംഭിച്ചത്. മാർച്ച് 30 വരെ അഞ്ചുഘട്ടമായി നടപ്പാക്കുന്ന ക്യാമ്പയിന്റെ ഒന്നാംഘട്ടം നവംബർ ഒന്നിന് പൂർത്തിയാക്കി. രണ്ടാംഘട്ടം ഡിസംബർ 31 നും മൂന്നാം ഘട്ടം ജനുവരി 26നും നാലാം ഘട്ടം മാർച്ച് എട്ടിനും അഞ്ചാം ഘട്ടം മാർച്ച്് 30നും പൂർത്തിയാകും.

മൂന്നാംഘട്ടത്തിൽ 50 ശതമാനം അയൽക്കൂട്ടങ്ങളും 50 ശതമാനം ടൂറിസം കേന്ദ്രങ്ങളും 100% ഓഫീസുകളും 100% ടൗണുകളും ഹരിതമായി പ്രഖ്യാപിക്കും. നാലാം ഘട്ടത്തിൽ 100% അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കും. അഞ്ചാം ഘട്ടത്തിൽ ജില്ലയിലെ മുഴുവൻ വിനോദസഞ്ചാരകേന്ദ്രങ്ങളും ഹരിതകേന്ദ്രങ്ങളായി പ്രഖ്യാപിക്കും. 

 ഹരിത സ്ഥാപനം, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യപിക്കുന്നതിനുള്ള പരിശോധന ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, കില എന്നിവരുടെ ഏകോപനത്തിൽ നടന്നു വരികയാണ്. 100 ശതമാനം ജൈവമാലിന്യ ശേഖരണം, കൈമാറൽ, ജൈവമാലിന്യ സംസ്്കരണം, മാലിന്യ സംസ്‌കരണത്തിലെ ഗ്യാപ്പുകൾ പരിഹരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ക്യാമ്പയിൻ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് ജില്ല മാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. 

 മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ഉള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള ഗ്യാപ്പുകൾ പരിഹരിച്ച് മാർച്ച് 31 നു മുമ്പ് പ്രഖ്യാപനം നടത്തുന്നതിനുള്ള തീവ്രയഞ്ജം ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നുവരികയാണ്. 






Follow us on :

More in Related News