Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 11:43 IST
Share News :
കോട്ടയം: കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ കോട്ടയം മാഞ്ഞൂർ സൗത്ത് സ്വദേശി ശ്യാം പ്രസാദ് (44) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാരിത്താസിന് സമീപമുള്ള ബാറിന് മുമ്പിലുണ്ടായ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
രാത്രി ഒരു മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. നെഞ്ചിന് അടക്കം ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പുലർച്ചെ 4 മണിയോടെ മരിച്ചു. അക്രമി ഒരാളായ കോട്ടയം പാറമ്പുഴ സ്വദേശി ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് സംഘർഷം കണ്ടു ഓടിയെത്തി ശ്യാമ പ്രസാദിനെ ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ അറസ്റ്റിലായ പെരുമ്പായിക്കാട് കോത്താട് അനിക്കൽ ജോർജിൻ്റെ മകൻ ജിബിൻ ജോർജ് (27) സ്ഥിരം ക്രിമിനൽ ആണെന്നാണ് പോലീസ് പറയുന്നത്. പ്ലസ് ടുവിന് ശേഷം സിംഗപ്പൂരിലേക്ക് പഠനത്തിനായാണ് ജിബിനെ ബന്ധുക്കൾ അയച്ചത്.
എന്നാൽ , ഇവിടെ എത്തിയ ശേഷം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെ നാട്ടിലേയ്ക്ക് തിരികെ അയക്കുകയായിരുന്നു. നാട്ടിൽ തിരികെ എത്തിയശേഷം ഇയാൾ ലഹരി മാഫിയ ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എം ജി സർവകലാശാലയിലെ റിട്ട. ജീവനക്കാരനായിരുന്നു ജിബിൻ്റെ പിതാവ്. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനായി ജിബിൻ പിതാവിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇത്ര തുടർന്ന് തർക്കമുണ്ടാകുകയും ജിബിൻ പിതാവിനെ തൊഴിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.
രണ്ടുവർഷം മുമ്പ് കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആറാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയ ജിബിൻ ക്ഷേത്ര ഭാരവാഹിയുടെ തല വിളക്ക് ഉപയോഗിച്ച് അടിച്ചു പൊട്ടിച്ചിരുന്നു. ഇത് അടക്കം മൂന്ന് കേസുകളാണ് നിലവിൽ ജിബിൻ എതിരെ ഗാന്ധിനഗർ പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക കൂടി ചെയ്തതോടെ ഇയാൾക്കെതിരെ ഇനി കാപ്പ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയേക്കും.
Follow us on :
Tags:
More in Related News
Please select your location.