Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പേവിഷ വിമുക്ത കോട്ടയം' പദ്ധതിക്ക് തുടക്കമായി

14 Feb 2025 19:10 IST

CN Remya

Share News :

കോട്ടയം: പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതിക്ക് തുടക്കമായി. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പേവിഷ വിമുക്തമാക്കാനുള്ള പരിശ്രമങ്ങളുമായി പൊതു സമൂഹം സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീ, ഹരിത കർമസേന, വിവിധ എൻ.ജി.ഒകൾ തുടങ്ങിയവയുടെയും സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിന് പോർട്ടബിൾ എ.ബി.സി. (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന 15 സെന്ററുകൾക്ക് പുറമേയാണിത്. 15 എ. ബി. സി. സെന്ററുകൾ പൂർത്തിയായി വരുന്നുണ്ട്. പേവിഷബാധയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയ പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യമരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേവിഷബാധ പ്രതിരോധത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ പരിപാടികളിലും പൊതു അവബോധ പ്രചരണങ്ങളിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

റാബീസ് ടാസ്‌ക് ഫോഴ്സ് വാഹനത്തിന്റെ താക്കോൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മനോജ് കുമാറിനും കാവ പ്രതിനിധികൾക്കും കൈമാറി. പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പ്രകാശനം ചെയ്തു. പേവിഷബാധ വിമുക്ത കോട്ടയം ധാരണാപത്രം മന്ത്രി ജെ.ചിഞ്ചുറാണി കാവ പ്രതിനിധികൾക്ക് കൈമാറി.

ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് നടപ്പാക്കുന്ന 'റാബിസ് ഫ്രീ കേരള പദ്ധതി'യുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. കെ. മനോജ്കുമാർ, കാവ ക്യാമ്പയിൻ ഡയറക്ടർ ഡോ. പ്രാപ്തി ബജാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം. പി. അനിൽ കുമാർ, മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ്. ഷിനോ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News