Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2025 16:40 IST
Share News :
കോട്ടയം: 'മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു' - കവിത ചൊല്ലി കുട്ടികളോട് സംവദിച്ച് വായനപക്ഷാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങ് വേറിട്ടതാക്കി മന്ത്രി വി എൻ വാസവൻ. ഉദ്ഘാടനപ്രസംഗം പ്രതീക്ഷിച്ചിരുന്ന കോട്ടയം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്കു മുന്നിലേക്കാണ് മന്ത്രി വി. എൻ. വാസവൻ കവിത ചോദ്യമെറിഞ്ഞത്. മന്ത്രി ക്വിസ് മാസ്റ്ററാകുന്നതും കവിത ചൊല്ലി ചോദ്യം ചോദിക്കുന്നതും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ശടപടെയെന്ന് ഉത്തരങ്ങൾ പറഞ്ഞുതുടങ്ങിയതോടെ വായനപക്ഷാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വായനയുടെയും അറിവിന്റെയും മലയാള കവിതകളുടേയും ആഘോഷവേദിയായി. അപ്രതീക്ഷിത തൽസമയ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞവർക്കെല്ലാം വിവര പൊതുജനസമ്പർക്ക വകുപ്പ് ഒരുക്കിയ ട്രോഫികൾ അപ്പോൾ തന്നെ മന്ത്രി കൈമാറുകയും ചെയ്തു.
സ്‌കൂൾ പ്രവേശനോത്സവ ഗാനം 'മഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണം വിതറിയൊരവധിക്കാലം മായുന്നു' എന്ന് തുടങ്ങുന്ന കവിത ഈണത്തിൽ പാടി അതെഴുതിയത് ആരെന്നറിയാമോ എന്നു ചോദിച്ചുകൊണ്ടായിരുന്നു മന്ത്രി പ്രസംഗം വിട്ട് കവിതകളുടെ ലോകത്തേക്ക് സദസിനെ കൂട്ടിക്കൊണ്ടുപോയത്. പിന്നെ വളളത്തോളിന്റേയും വയലാറിന്റെയും കുമാരനാശാന്റേയും ചങ്ങമ്പുഴയുടേയും ഒ.എൻ.വിയുടേയും കവിതകൾ വരികൾ തെറ്റാതെ ഈണത്തിലും താളത്തിലും ചൊല്ലി മന്ത്രി ചോദ്യങ്ങൾ ചോദിച്ചു. കുട്ടികളും രക്ഷിതാക്കളും മത്സരിച്ച് ഉത്തരം പറഞ്ഞ് സമ്മാനങ്ങളും നേടി. വിവര- പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും
വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സഹകരണം -ദേവസ്വം- തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
സിലബസിനപ്പുറമുള്ള അറിവുകൾ നേടാൻ വായനയിലൂടെയേ കഴിയൂവെന്നും വായനയെ ലഹരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വായിച്ചെങ്കിൽ മാത്രമേ വളരാനാകൂ. ഒരു സമൂഹത്തെ വായനയിലേക്ക് ആനയിക്കാൻ പ്രചോദനമായ പി. എൻ. പണിക്കർ വായനയുടെ പ്രസക്തി ജനങ്ങളിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ അധ്യയനവർഷം മാന്നാനം സെന്റ് എംഫ്രേസ് സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 55 വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പതിനെട്ട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറഞ്ഞവർക്കെല്ലാം ട്രോഫിയും നൽകിയാണ് മന്ത്രി മടങ്ങിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപ ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്, സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു,
പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി.ജി.എം. നായർ,
സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി. വി. മാത്യു, അക്ഷരമ്യൂസിയം സ്‌പെഷ്യൽ ഓഫീസർ എസ്. സന്തോഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കഞ്ചേരി, മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം മാനേജർ ഫാ. കുര്യൻ ചാലങ്ങാടി, മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ടെസി ലൂക്കോസ്, ഹെഡ് മാസ്റ്റർ ബെന്നി സ്‌കറിയ, പി.ടി.എ. പ്രസിഡന്റ് അഡ്വ. സി. ആർ. സിന്ധുമോൾ, എന്നിവർ സംസാരിച്ചു.
വിവര പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ ലൈബ്രറി കൗൺസിൽ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ, കുടുംബശ്രീ, സാക്ഷരതാ മിഷൻ, തദ്ദേശ സ്വയംഭരണവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, അക്ഷരം മ്യൂസിയം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ജില്ലയിൽ ജൂൺ 19 മുതൽ ജൂലൈ ഏഴുവരെ വായനപക്ഷാചരണം സംഘടിപ്പിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.