Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 21:02 IST
Share News :
കടുത്തുരുത്തി: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലൂടെ കടന്നുപോകുന്ന എം.സി. റോഡിന്റ ഇരുവശങ്ങളും സൗന്ദര്യവൽക്കരിക്കുന്നു. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി പ്രധാനപ്പെട്ട കേന്ദ്രങ്ങൾ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റോഡിന്റെ ഇരുവശവും 20 കിലോമീറ്റർ നീളത്തിലാണ് മനോഹരമാക്കുന്നത്.
പാത കടന്നുപോകുന്ന കാണക്കാരി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങൾ മനോഹരമാക്കും. രണ്ടു ഘട്ടങ്ങളിലായി 15 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ. ഫണ്ട് വഴി ഹരിതകേരളം മിഷനാണ് പദ്ധതി ഏകോപിപ്പിക്കുന്നത്.
ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങൾ, പൊതുഇടങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവയുടെ സമീപ സ്ഥലങ്ങൾ എന്നിവ സൗന്ദര്യവൽക്കരിക്കും. രണ്ടാംഘട്ടത്തിൽ എം.സി. റോഡിന്റെ മുഴുവൻ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എം.സി. റോഡ് കടന്നുപോകാത്ത മാഞ്ഞൂർ, കടപ്ലാമറ്റം, രാമപുരം എന്നീ പഞ്ചായത്തുകളിലും സമാന്തരമായ പ്രവർത്തനം നടക്കും.
ഓട്ടോറിക്ഷ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, വ്യാപാരി വ്യവസായികൾ, റസിഡൻസ് അസോസിയേഷനുകൾ, പ്രദേശ വാസികൾ തുടങ്ങിയവർക്കാണ് പരിപാലന ചുമതല. മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ മാർച്ച് 30ന് അവസാനിക്കും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇൻ ചാർജ് എസ്. ഐസക് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.