Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തിൻ്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി; നാല് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.

30 May 2025 22:16 IST

santhosh sharma.v

Share News :

വൈക്കം: തുടർച്ചയായി പെയ്‌ത മഴക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും ശക്‌തമായതോടെ മൂവാറ്റുപുഴയാറും കൈവഴികളും പലഭാഗത്തും കരകവിഞ്ഞതോടെ വൈക്കത്തിൻ്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഉദയനാപുരം, തലയാഴം, മറവൻതുരുത്ത്, തലയോലപ്പറമ്പ്, വെള്ളൂർ, വെച്ചൂർ പഞ്ചായത്തുകളിലെ 350ൽ അധികം വീടുകളുടെ ഉള്ളിൽ വെള്ളം കയറി.

ആയിരത്തോളം വീടുകൾ വെള്ളക്കെട്ടിലയി.മൂവാറ്റുപുഴയാറിൻ്റെ വടയാർ തീരം കരകവിയാറായി.

വടയാർ ഇളങ്കാവ് ക്ഷേത്രവും പരിസരവും വെള്ളത്തിലായി. വൈക്കം - വാഴമന റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഉദയനാപുരം പഞ്ചായത്തിൽ വല്ലകം സെൻ്റ് മേരീസ് സ്കൂൾ, തലയോലപ്പറമ്പ് പഞ്ചായത്തിൽ ഏ. ജെ ജോൺ മെമ്മോറിയൽ ഗവൺമെന്റ് സ്കൂൾ, തലയാഴം പഞ്ചായത്തിൽ തോട്ടകം ഗവൺമെൻ്റ് എൽപിഎസ്, ചെമ്പ് പഞ്ചായത്തിൽ കാട്ടിക്കുന്ന് ഗവൺമെൻ്റ് എൽപിഎസ് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. വിവിധ 

ക്യാമ്പുകളിലായി 50ഓളം പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. മഴ തുടരുകയും കിഴക്കൻ വെള്ളത്തിൻ്റെ വരവ് വർധിക്കുകയും ചെയ്‌താൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. ഇതിനുള്ള സഞ്ചീകരണങ്ങൾ ഒരുക്കി. വെള്ളം കയറിയ വീടുകളിൽ കഴിയുന്ന പലരും ബന്ധുവീടുകളിൽ അഭയം തേടിയിട്ടുണ്ട്.

വളർത്തു മൃഗങ്ങളും മറ്റും ഉള്ളവർ ഇതിനു തീറ്റ കൊടുക്കേണ്ട സാഹചര്യം മൂലം കഷ്ഠത സഹിച്ചും വീടുകളിൽ കഴിയുകയാണ്. സമീപ ദിവസങ്ങളിലായി മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും വൈക്കം താലൂക്കിൽ 87 വീടുകൾ ഭാഗികമായി തകർന്നതായാണ് റവന്യൂ വകുപ്പ് അധികൃതർ പറയുന്നത്.

വെച്ചൂർ, തലയാഴം മേഖലകളിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പൂർണമായും പുനഃസ്‌ഥാപിക്കാൻ കഴിയാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. വൈദ്യുതി ഇല്ലാത്തതിനാൽ പാടശേഖരങ്ങളിൽ പമ്പിംഗ് നടത്താൻ കഴിയാത്തതിനാൽ ഈ ഭാഗങ്ങളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലമർന്നു. വൈക്കം-പൂത്തോട്ട റോഡിൽ ഉദയനാപുരം മുതൽ പിതൃകുന്നം വരെയുള്ള ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പെയ്ത്തുവെള്ളം ഒഴുകി പോകാൻ മാർഗ്ഗമില്ലാത്തതാണ് പ്രധാന റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വൈക്കം ടൗണിൽ കെഎസ്ആർടിസി കൊച്ചു കവല ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഉൾപ്രദേശത്തെ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഒഴുക്ക് ശക്തമായതോടെ മൂവാറ്റുപുഴയാറിൻ്റെ തീരം ഇടിഞ്ഞ പറയ്ക്കൽ, ഇടവട്ടം ഭാഗങ്ങൾ അടക്കം കൂടുതൽ ഭാഗം ഏത് നിമിഷവും പുഴയിലേക്ക് കൂടുതൽ ഇടിയാൻ സാധ്യതയും ഏറെയാണ്.

Follow us on :

More in Related News