Thu Mar 13, 2025 4:46 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമാകും; പ്രഖ്യാപനം മാർച്ച് 30ന്

13 Mar 2025 17:05 IST

CN Remya

Share News :

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച് 30ന് സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഹേമലതാ പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ജില്ലാ പ്ലാനിംഗ് ഓഫീസിൽ ചേർന്ന മാലിന്യമുക്ത നവകേരളം സമ്പൂർണ ശുചിത്വ  പ്രഖ്യാപന പ്രവർത്തന യോഗത്തിലാണ് തീരുമാനം.

മാർച്ച് 30ന് മുൻപായി വാർഡുതല പ്രഖ്യാപനങ്ങൾ നടത്തും. ഇതിന്റെ ഭാഗമായി മാർച്ച് 22നും 23നും പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ

ജില്ലയിൽ മെഗാ ക്ലീനിങ് പരിപാടി സംഘടിപ്പിക്കും.

സ്‌കൂളുകൾ, കലാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവ സർക്കാർ നിർദേശിച്ചിരിക്കുന്നവിധം ഹരിത ഗ്രേഡ് നേടണം. പൊതു സ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ  തുടങ്ങിയവയും നിശ്ചിത ഹരിത ഗ്രേഡ് നേടണം. പഞ്ചായത്ത്‌സമിതികളുടെയും നഗരസഭാ കൗൺസിലുകളുടെയും അടിയന്തര യോഗം ചേർന്ന് അതത് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന പരിപാടി തയ്യാറാക്കാനും തീരുമാനിച്ചു.

ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. ചർച്ചകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ നേതൃത്വം നൽകി. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെയും പിന്നാക്കം നിൽക്കുന്ന ഘടകങ്ങൾ വിശദമായി പരിശോധിച്ചു.  

 തൊഴിലുറപ്പ് പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗ്ഗീസ്, എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടർ  ജി. അനീസ് , ശുചിത്വ മിഷൻ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, കെ.എസ്.ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോർഡിനേറ്റർ റീനു ചെറിയാൻ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, ആർ.ജി.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർ രാഹുൽ രവി , മാലിന്യമുക്തം നവകേരളം കോർഡിനേറ്റർ ടി.പി. ശ്രീശങ്കർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News