Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസപ്പടി കേസിൽ എൽഡിഎഫ്- യുഡിഎഫ് ഡീലാണുള്ളത്: കെ.സുരേന്ദ്രൻ

14 Oct 2024 00:38 IST

Enlight Media

Share News :

കോഴിക്കോട് -

മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതോടെ കേന്ദ്രസർക്കാരിനെതിരായ യുഡിഎഫ് ആരോപണത്തിൻ്റെ മുനയൊടിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിലെ ഇടതു- വലതു മുന്നണികളുടെ യഥാർത്ഥ മുഖം ഈ കേസിലൂടെ വ്യക്തമായിരിക്കുകയാണ്. കരിമണൽ കർത്തയുടെ കയ്യിൽ നിന്നും പണം വാങ്ങാത്ത ഒരേയൊരു പാർട്ടി കേരളത്തിലുള്ളത് ബിജെപി മാത്രമാണ്. വീണ വിജയൻ വാങ്ങിയ 1.71 കോടി മാത്രമല്ല 90 കോടി രൂപയാണ് കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് രാഷ്ട്രീയ നേതാക്കന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ കർത്തയിൽ നിന്നും വാങ്ങിയത്. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീൽ ആണെന്ന് പറയുന്നത് വിഡി സതീശന്റെ ജല്പനമാണ്. ഈ കേസിൽ എവിടെയാണ് ബിജെപി- സിപിഎം ഡീൽ എന്ന് പറയാൻ വിഡി സതീശൻ തയ്യാറാവണം. മാസപ്പടി വാങ്ങിയ കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ കുറിച്ചുള്ള നിലപാട് എന്താണെന്ന് സതീശൻ വ്യക്തമാക്കണം. മാസപ്പടി കേസിൽ കാലതാമസമുണ്ടായെന്നാണ് മറ്റൊരു ആരോപണം. ഈ കേസിൽ എങ്ങനെയാണ് കാലാ താമസമുണ്ടായതെന്ന് സതീശൻ പറയുന്നില്ല. കേസ് തടസ്സപ്പെടുത്താൻ മൂന്ന് പ്രധാനപ്പെട്ട കോടതികളിലാണ് തടസ്സവാദവുമായി പ്രതികൾ എത്തിയത്. മാസപ്പടി കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താൻ സിഎം ആര്‍എല്ലും കെഎസ്ഐഡിസിയും കരിമണൽ കർത്തയും തടസവാദവുമായി എത്തി. അന്ന് അതിൽ കക്ഷി ചേരാൻ കോൺഗ്രസ് - യുഡിഎഫ് നേതാക്കൾ തയ്യാറായില്ല. ബാംഗ്ലൂർ ഹൈക്കോടതിയിലും ദില്ലി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലുമെല്ലാം മുഖ്യമന്ത്രിയുടെ മകളും കെഎസ്ഐഡിസിയും സിഎംആർഎല്ലും തടസവാദവുമായി പോയി. എല്ലാ നൂലാമാലകളും മറികടന്നാണ് കേന്ദ്ര ഏജൻസി അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.


മാസപ്പടി ആരോപണം പുറത്തുവന്നത് ഇൻകം ടാക്സ് അന്വേഷണത്തിന്റെ ഭാഗമായാണ്. മാസപ്പടി ഡയറി പിടിച്ചെടുത്തത് ഇൻകം ടാക്സ് ആണ്. സതീശൻ വ്യാഖ്യാനിക്കുന്നത് പോലെ യുഡിഎഫ് നേതാക്കളുടെ ശ്രമഫലമായിട്ടല്ല ഇതു സംഭവിച്ചത്. യുഡിഎഫ് നേതാക്കളും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റിലുണ്ട്. കേന്ദ്ര ഏജൻസികളുടെ ശരിയായ അന്വേഷണ ഫലമായാണ് ഈ കേസ് ഉയർന്നു വന്നത്. അന്നെല്ലാം ഗാലറിയിൽ ഇരുന്ന് കളി കാണുകയായിരുന്നു വിഡി സതീശനും സംഘവും ചെയ്തത്. മാസപ്പടി കേസിൽ യുഡിഎഫിന്റെ ഉന്നതരായ നേതാക്കൾ കൂട്ടുപ്രതികളാണ്. പിണറായി വിജയനെ പോലെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഈ കേസിൽ പ്രതികളാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.


കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അന്വേഷണം അട്ടിമറിച്ചു എന്നാണ് സതീശൻ പറയുന്നത്. പണം നഷ്ടമായ സഹകാരികൾക്ക് പണം തിരിച്ചു കൊടുക്കാനുള്ള ശ്രമമാണ് അന്വേഷണ ഏജൻസികൾ അവിടെ ആദ്യം നടത്തുന്നത്. എല്ലാം അഴിമതിക്കാരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് നൽകുകയാണ് ലക്ഷ്യം. കരുവന്നൂർ സഹകരണ ബാങ്കിൽ അഴിമതി നടത്തിയ എല്ലാവരും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. സതീശന്റെ കവല പ്രസംഗം വാസവദത്തയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ്. ലാവലിൻ കേസ് വിചാരണ കൂടാതെ തള്ളിക്കളഞ്ഞത് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ ആണ്. അതിനെതിരെ അപ്പീൽ പോയത് ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷമാണ്. പുനർജനി തട്ടിപ്പിൽ എന്താണ് സതീശനെ ചോദ്യം ചെയ്യാത്തത്. പിണറായി വിജയനും വിഡി സതീശനും തമ്മിലാണ് ഡീൽ എന്ന് വ്യക്തമാണ്. 


കേന്ദ്ര ബാലാവകാശ കമ്മീഷൻ പറഞ്ഞത് കേരളത്തിലെ മദ്രസകളെ കുറിച്ചല്ല. വിദ്യാലയങ്ങളിൽ പോവാതെ മദ്രസകളിൽ മാത്രം പോകുന്നതിനെയാണ് കമ്മീഷൻ എതിർത്തത്. കേരളത്തിൽ മദ്രസകൾ പൊതു വിദ്യാഭ്യാസത്തിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇതല്ല സാഹചര്യം. വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കേണ്ടത് അനിവാര്യമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Follow us on :

Tags:

More in Related News