Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സമഗ്ര കാർഷിക വികസന പദ്ധതിക്ക് ആരംഭം

08 Apr 2025 19:51 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി : കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന കർഷകജ്യോതി പദ്ധതിയിൽ കയറ്റുമതിയിൽ അധിഷ്ഠിതമായ കൃഷി ആസൂത്രണം ചെയ്യണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കടുത്തുരുത്തി മണ്ഡലം സമഗ്ര കാർഷികവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2025ൽ കടുത്തുരുത്തിയിൽ നിന്ന്‌വിവിധ പഴം പച്ചക്കറി ഉൽപ്പന്നങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ കഴിയണം. കർഷകജ്യോതി പദ്ധതി പ്രകാരം കടുത്തുരുത്തിയിൽനിന്നു 100 കാർഷിക ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിൽ വിപണനം നടത്താൻ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് കൂൺ കൃഷിയിൽ ആവശ്യമായ പരിശീലനം നൽകുന്നതിനും വൈവിധ്യമാർന്ന കൂൺ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം നടത്താനും സാധിക്കണം. ആർസിസിയിലെ ഡോക്ടർമാരടങ്ങുന്ന ഒരു സംഘത്തെ ഈ മാസം ഹിമാചൽ പ്രദേശിലെ സോളിലേക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകുന്നതിനും ക്യാൻസർ രോഗത്തെ പ്രതിരോധിക്കാൻ

കൂണിനുള്ള കഴിവിനെക്കുറിച്ച് പഠിക്കുന്നതിനുമായി അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർഷക ജ്യോതി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഏഴു ഹെക്ടർ തരിശുഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കണം. പദ്ധതി പ്രകാരം കടത്തുരുത്തിയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ഡിസംബർ മാസത്തിൽ ഒരു ക്രിസ്തുമസ് വിപണി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ്ജ് എംപി മുഖാതിഥിആയിരുന്നു. വിലനിർണയ സമിതി ചെയർമാൻ ഡോ. രാജശേഖരൻ, ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് രാജു ചിറ്റേത്ത്, കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, കിടങ്ങൂർ ബ്ലോക്ക് മെമ്പർ മേഴ്‌സി ജോൺ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺസൺ പുളിക്കിയിൽ, ലുക്കോസ് മാക്കിൽ, സിന്ധുമോൾ ജേക്കബ് , കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു കെ. മാത്യു, സംഘമൈത്രി പ്രസിഡന്റ് ജോയ് കുഴിവേലി എന്നിവർ പങ്കെടുത്തു.

 കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളെ സംയോജിപ്പിച്ച് കൃഷിവകുപ്പിന് നോഡൽ ഏജൻസിയാക്കി രൂപംകൊടുത്ത പദ്ധതിയാണ് കടുത്തുരുത്തി നിയോജകമണ്ഡലം സമഗ്ര കൃഷിസമൃദ്ധി വികസന പദ്ധതി. മണ്ഡലത്തിൽ ഉൾപ്പെടുന്ന 11 പഞ്ചായത്തുകളുടെയും സമഗ്ര കാർഷിക പുരോഗതിയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങിന്റെ സംയോജിത രോഗകീട നിയന്ത്രണം ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതി, മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതി, കുറുപ്പുന്തറയിൽ പ്രവർത്തിക്കുന്ന

കാർഷിക ലേലവിപണന കേന്ദ്രമായ സംഘമൈത്രിയുമായി ചേർന്ന്

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് നിശ്ചിത വില ഉറപ്പാക്കുന്ന പദ്ധതി, അടിസ്ഥാന സൗകര്യ വികസന പദ്ധതി, തരിശുരഹിത മണ്ഡലം, ഫാം ടൂറിസം പദ്ധതി തുടങ്ങി വിവിധങ്ങളായിട്ടുള്ള പദ്ധതികളാണ് സമഗ്ര കാർഷിക വികസന പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ളത്.




Follow us on :

More in Related News