Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 19:24 IST
Share News :
ചാലക്കുടി: കോടശ്ശേരിയിലെ നാനൂറോളം കുടുംബങ്ങൾക്ക് ഭൂമി കൈമാറ്റത്തിനും നിർമാണ പ്രവർത്തനത്തിനും നിലവിലുള്ള നിരോധനം മാറ്റാൻ ഉടൻ നടപടിയുണ്ടാകുമെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ഇതിൻ്റെ ചുമതല ജില്ലാ കളക്ടറെ ഏൽപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും ചാലക്കുടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്മശാനഭൂമി, കളിസ്ഥലം, മേച്ചിൽപ്പുറം എന്നീ പ്രശ്നങ്ങളും അവിടെ താമസിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് പട്ടയം കൊടുക്കുക എന്ന പ്രശ്നവും മൂന്ന് ദശാബ്ദങ്ങളായി ഉന്നയിക്കപ്പെടുന്നവയാണ്. എന്നാൽ പഞ്ചായത്ത് എൻ ഒ സി കൊടുത്താൽ മാത്രം തീരുന്ന പ്രശ്നമല്ല ഇത്. പഞ്ചായത്ത് രാജ് നിയമ പ്രകാരം പഞ്ചായത്തിന് ഈ ഭൂമികളുടെ സംരക്ഷണാധികാരമേയുള്ളൂ. പഞ്ചായത്ത് എൻഒസി കൊടുത്താലും തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി വരെ കണ്ട് തിരിച്ചെത്തിയാലേ ഇതിൽ തീരുമാനമാവുകയുള്ളു. അതിനാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തദ്ദേശവകുപ്പ് മന്ത്രിയും റവന്യുമന്ത്രിയും ഒരു പ്രത്യേക യോഗം ചേർന്ന് പഞ്ചായത്തുകളെ സംരക്ഷണ ചുമതല ഏൽപ്പിച്ചിട്ടുള്ള ഭൂമിയിൽ ജനങ്ങൾക്ക് അവകാശമുണ്ടാകുന്ന വിധത്തിൽ നടപടിക്രമം തയ്യാറാക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. തദ്ദേശവകുപ്പ് ജോയിൻ്റ് ഡയറക്ടർ ഇതു സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്ക് കൊടുക്കുന്നതോടെ കളക്ടർ ഇതിന്മേൽ നടപടി സ്വീകരിക്കും. രണ്ട് മാസത്തിനുള്ളിൽ ഇ ഗസറ്റിലൂടെ തീരുമാനമെടുത്ത് മുഴുവൻ കുടുംബങ്ങൾക്കും പട്ടയം വിതരണം ചെയ്യണമെന്നാണ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ആർ സുനിൽ കുമാർ എം എൽ എ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മുരളി പി. സ്വാഗതവും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.