Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എം. മാണി തണൽ വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

08 Apr 2025 19:44 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കുടുംബശ്രീയുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അതിന്റെ കൈപ്പുണ്യമാണെന്നു തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറവിലങ്ങാട് കോഴായിൽ കെ.എം. മാണി തണൽ വിശ്രമകേന്ദ്രത്തിൽ ആരംഭിച്ച കോട്ടയം ജില്ലയിലെ കുടുംബശ്രീ പ്രീമിയം കഫേയുടെ ഉദ്ഘാടനവും കുടുംബശ്രീ പ്രീമിയം കഫേകളുടെ സംസഥാനതല ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീയുടെ മികവുകണ്ടാണ് സർക്കാർ കോവിഡ് കാലത്ത് അവരിലൂടെ ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ഇപ്പോൾ അത് പ്രീമിയം കഫേയിലേക്കു കടന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ടേക്ക് എ ബ്രേക്ക് പദ്ധതിയാണു കെ.എം. മാണി തണൽ വിശ്രമകേന്ദ്രം വഴി യാഥാർഥ്യമായിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തണൽ വിശ്രമകേന്ദ്രത്തിൽ സ്ഥാപിച്ച മുൻമന്ത്രി കെ.എം. മാണിയുടെ ഫോട്ടോ അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

 ജില്ലാ പഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 3.22 കോടി രൂപ മുടക്കി നിർമിച്ച കെ.എം. മാണി തണൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ജോസ് കെ. മാണി എം.പി. നാടിന് സമർപ്പിച്ചു. ആദ്യഘട്ട നിർമാണമാണ് പൂർത്തിയായിട്ടുള്ളത്. എം.സി. റോഡരികിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തോഫീസിനു സമീപമാണ് വിശ്രമകേന്ദ്രം. കോട്ടയം ജില്ലാ പഞ്ചായത്ത് 2.52 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയുമാണു നിർമാണത്തിനായി വകയിരുത്തിയത്. മൂന്നുനിലകളിലായി 13,046 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം. ബ്ലോക്ക് പഞ്ചായത്തിന്റെ 19.589 സെന്റ് സ്ഥലം കെട്ടിടത്തിനും പാർക്കിംഗ് സൗകര്യത്തിനുമായി വിനിയോഗിച്ചിട്ടുണ്ട്.

 രണ്ടാംനിലയിൽ ഡോർമിറ്ററിയും 150 പേർക്കിരിക്കാവുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളുമാണുള്ളത്. രണ്ടാം ഘട്ടമായി മൂന്നാം നില പൂർത്തിയാക്കി വനിതകൾക്കുള്ള ഷീ ലോഡ്ജ് സജ്ജമാക്കും. താഴത്തെ നിലയിലാണ് പ്രീമിയം കഫേ. കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തിയുള്ള കൺസോർഷ്യത്തിനാണു നടത്തിപ്പുചുമതല. ജീവനക്കാരായി ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്ന് 40 വനിതകളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. വിശ്രമകേന്ദ്രത്തിലെ ആധുനിക രീതിയിലുള്ള ടേക്ക് എ ബ്രേക്കിന്റെ ചുമതലയും കുടുംബശ്രീ വഹിക്കും. ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ എട്ടാമത്തേയും പ്രീമിയം കഫേയാണ് കോഴായിൽ ആരംഭിച്ചത്്.  

 ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി പദ്ധതി വിശദീകരണം നടത്തി. ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എം. മാത്യു, മഞ്ജു സുജിത്, ഹൈമി ബോബി, പി.ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ബിന്ദു, ജെസ്സി ഷാജൻ, സുധാ കുര്യൻ, പി.കെ. വൈശാഖ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സ്മിത അലക്സ്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു ജോൺ പുതിയിടത്തുചാലിൽ, ജോൺസൺ പുളിക്കീൽ, പി.സി. കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, കുടുംബശ്രീ ജില്ലാകോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോഷി ജോസഫ് എന്നിവർ പ്രസംഗിച്ചു.








Follow us on :

More in Related News