Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മലവെള്ളപ്പാച്ചില്‍; തൊമ്മന്‍കുത്ത് ആനചാടിക്കുത്തില്‍ സഞ്ചാരികള്‍ കുടുങ്ങി

11 Oct 2024 19:37 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഇടുക്കി തൊമ്മന്‍കുത്ത് ആനചാടി കുത്തില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എറണാകുളം സ്വദേശികളായ 15 സഞ്ചാരികളെയാണ് അഗ്നി രക്ഷാസേന സാഹസികമായി രക്ഷപെടുത്തിയത്. വെള്ളി വൈകിട്ട് നാലോടെ സഞ്ചാരികള്‍ പുഴയില്‍ നില്‍ക്കുമ്പോള്‍ മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി. ഇതോടെ ഭയന്ന സഞ്ചാരികള്‍ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി. ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്നിരക്ഷാ സേനെയെത്തി. വടം കെട്ടിയാണ് തുടര്‍ന്ന് വടം കെട്ടിയാണ് സഞ്ചാരികളുടെ അടുക്കലെത്തിയത്. പിന്നീട് സഞ്ചാരികളെ മലമുകളിലൂടെയുള്ള മറ്റൊരു വഴിയിലൂടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.


പുഴയില്‍ കുടുങ്ങിയവര്‍ രക്ഷപെടാന്‍ കയറി നിന്ന പാറയിലൂടെ തന്നെ ഏതാനും ദൂരത്തില്‍ മുകളിലേയ്ക്ക് കയറിയാല്‍ ആനചാടി കുത്തിന് മുകളിലായുള്ള പാലം വഴി പുറമേയെക്കെത്താം. എന്നാല്‍ എറണാകുളം സ്വദേശികളായ സഞ്ചാരികള്‍ക്ക് സ്ഥല പരിചയം ഇല്ലാത്തത് പ്രശ്നമായി. ഇതിനായി സഞ്ചരിക്കേണ്ട വഴി പറഞ്ഞ് നല്‍കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് ശബ്ദം മൂലം വിജയിച്ചില്ല. പിന്നീട് കുത്തിന് മുകള്‍ ഭാഗത്തെ പാലം വഴി നാട്ടുകാര്‍ എത്തി ഇവരെ മറുകര എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അഗ്നിരക്ഷാ സേന എത്തിയാല്‍ മാത്രമേ തങ്ങള്‍ ഇവിടെ നിന്നും നീങ്ങുകയുള്ളൂവെന്ന് ശഠിച്ചു. വൈകിട്ട് ആറ് മണിയോടെ തൊടുപുഴയില്‍ നിന്ന് അഗ്നി രക്ഷാസേന സ്ഥലത്തെത്തി. തുടര്‍ന്ന് വഴുക്കലുളള പാറയിലൂടെ വടം കെട്ടി അഗ്‌നിരക്ഷാസേന സഞ്ചാരികളുടെ അടുക്കലെത്തി. ഈ സമയവും പുഴയിലെ വെളളം കുറഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ രക്ഷപെടുത്താമെന്ന് പറഞ്ഞ അതേ വഴിക്ക് തന്നെ ആനചാടികുത്തിന് മുകളിലെ നടപ്പാലം വഴി മറുകരെയെത്തിച്ചു. വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലാണ് ആനചാടി കുത്ത്. ഇവിടെ ഗൈഡുകളെ നിയമിക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് കാളിയാറില്‍ നിന്ന് പോലീസും സ്ഥലത്തെത്തിയിരുന്നു.


Follow us on :

More in Related News