Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ സൻമനസിന്റെ ഉടമ: മന്ത്രി വി.എൻ. വാസവൻ

02 May 2025 19:52 IST

CN Remya

Share News :

കോട്ടയം: സഭയുടെ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളിലും തന്റെ ഇടപെടൽ നടത്തി സഭയെയും സമുഹത്തെയും സഹായിക്കുന്ന സൻമനസിന്റെ ഉടമയാണ് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായെന്ന് മന്ത്രി വി. എൻ. വാസവൻ. കോട്ടയം മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ സമ്മേളനം വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്ത് സം​സാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ചൈതന്യത്തിന്റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസി സമൂഹത്തെ ആനയിച്ചുകൊണ്ടിരുന്നതുപോലെ ശ്രേഷ്ഠ ബാവാ ഭൗതീകമേഖലകളിലും ഇടപെട്ടിരുന്നു. സഭയ്ക്കും സമൂഹത്തിനും ശ്രേഷ്ഠ കാതോലിക്കാ ബാവാ നൽകിയ സംഭാവനകൾ വളരെ വലുതാണ്. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിച്ച് തന്റേതായ കഴിവ് തെളിയിച്ച അദ്ദേഹത്തിന് കരുത്തും കർമ്മശേഷിയോടും കൂടി ഈ കാലഘട്ടത്തിൽ സഭ അഭിമുഖീകരിക്കുന്ന നാനാ തലത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കുന്നതിനു കഴിഞ്ഞകാലങ്ങളിലേതിനെക്കാൾ വർദ്ധിത വീര്യത്തോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ ഉന്നതമായ സ്ഥാന ലബ്ധിയിൽ സംസ്ഥാന സർക്കാരിന്റെ ആശംസകൾ മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.

കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി. പാർപ്പിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനകർമം ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ നിർവഹിച്ചു. മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ചാണ്ടി ഉമ്മൻ എംഎൽഎ, കോട്ടയം ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര, കത്തീഡ്രൽ സഹവികാരി ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ, ഫാ. ലിറ്റു ടി. ജേക്കബ് തണ്ടാശേരിയിൽ, കത്തീഡ്രൽ ട്രസ്റ്റി ബെന്നി ടി. ചെറിയാൻ എന്നിവർ സംസാരിച്ചു. കത്തീഡ്രലിൻ്റെ ഉപഹാരം കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ എന്നിവർ ചേർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സമർപ്പിച്ചു. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവാ മറുപടി പ്രസം​ഗം നടത്തി.

Follow us on :

More in Related News