Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാര്‍ഥികളെ ഗവേഷകരും സംരംഭകരുമാക്കാൻ എംജി സർവകലാശാല; പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ണമായും ഓണ്‍ലൈനാക്കും

31 Dec 2024 16:11 IST

CN Remya

Share News :

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിദ്യാര്‍ഥികളെ ഗവേഷകരും സംരംഭകരുമായി വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കും സാമ്പത്തിക ഭദ്രതയും ഊര്‍ജ്ജ സ്വയംപര്യാപ്തതയും ലക്ഷ്യമിടുന്ന ആശയങ്ങള്‍ക്കും മുന്‍ഗണന. വൈസ് ചാന്‍സലര്‍ ഡോ. സി. ടി. അരവിന്ദകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ധനകാര്യ ഉപസമിതി കണ്‍വീനര്‍ പി. ഹരികൃഷ്ണനാണ് 650.87 കോടി രൂപ വരവും 672.74 കോടി രൂപ ചിലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.  

ക്ലാസ് മുറികളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സംരംഭകത്വവും തമ്മിലുള്ള അകലം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണുന്നുണ്ടെന്നും നാലു വര്‍ഷ ബിരുദ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന വിജ്ഞാന സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വൈസ് ചാന്‍സലര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതോടൊപ്പം സര്‍വകലാശാലയിലെ ഓരോ പഠന വകുപ്പും ഒരു നൂതന ആശയമെങ്കിലും സംരംഭമാക്കി മാറ്റുന്നതിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതിയും നടപ്പാക്കും. രണ്ടു പദ്ധതികള്‍ക്കും 50 ലക്ഷം രൂപ വീതം ചെലവഴിക്കും. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സര്‍വകലാശാല പിന്തുണ നല്‍കും. ആശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളായി ഇന്‍കുബേറ്റ് ചെയ്യുകയും സ്റ്റാര്‍ട്ടപ്പുകള്‍ വ്യവസായികമായി വിപുലീകരിക്കപ്പെടുമ്പോള്‍ ഇതില്‍ സര്‍വകലാശാലയ്ക്ക് നിശ്ചിത ശതമാനം പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍റര്‍ ഏകോപനം നിര്‍വഹിക്കും.

ഓരോ പഠന വകുപ്പും ഒരു ആശയമെങ്കിലും സംരംഭമാക്കി മാറ്റുന്ന സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ സര്‍വകലാശാലയ്ക്ക് വലിയ സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും. സര്‍വകലാശാലയില്‍നിന്നും സംരംഭങ്ങളായി വളര്‍ന്ന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ടെക്നോളജി ഡാറ്റാ ബാങ്ക് തയ്യാറാക്കും. സംരംഭകരില്‍നിന്ന് നിശ്ചിത തുക ഈടാക്കി ഈ ആശയങ്ങള്‍ കൈമാറുന്നത് തുടര്‍ പദ്ധതികള്‍ക്കുള്ള മൂലധന സമാഹരണത്തിന് ഉപകരിക്കും. ഡാറ്റാ ബാങ്കിനും സര്‍വകലാശാലയിലെ ഗവേഷകര്‍ ഇതുവരെ നേടിയ പേറ്റന്‍റുകള്‍ വ്യവസായ സമൂഹത്തിനും പൊതുജനങ്ങള്‍ക്കും പരിചയപ്പെടുത്താന്‍ ലക്ഷ്യമിടുന്ന പേറ്റന്‍റ് ആന്‍റ് റിസര്‍ച്ച് ഗാലറിക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ പരീക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സംരംഭക പാര്‍ക്ക് സ്ഥാപിക്കും. ഇതോടൊപ്പം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും ഡാറ്റാബേസും സജ്ജമാക്കും. വിജയകരമായ സാങ്കേതിക വിദ്യകള്‍ക്ക് പേറ്റന്‍റ് നേടുന്നതിനും ഇന്‍കുബേറ്റ് ചെയ്യുന്നതിനും തുടര്‍ന്ന് വ്യവസായവത്കരിക്കുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളും സൗകര്യങ്ങളും ഇവിടെ ഒരുക്കും. സംരംഭക പാര്‍ക്കിനായി ബജറ്റില്‍ ഒരു കോടി രൂപ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സര്‍വകലാശാലയില്‍ എല്ലാ വര്‍ഷവും മഹാത്മാ ഗാന്ധിയുടെ പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം ഗാന്ധി മ്യൂസിയം പ്രവര്‍ത്തനമാരംഭിക്കും. ഗാന്ധിജിയെ സംബന്ധിച്ച പ്രധാന വിവരങ്ങള്‍, പുസ്തകങ്ങള്‍, ഫോട്ടോകള്‍, സിനിമകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി വിപുലമായ രീതിയില്‍ മ്യൂസിയം സജ്ജീകരിക്കുന്നതിന് ബജറ്റില്‍ 10 ലക്ഷം രൂപ വകയിരുത്തി.

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അബ്ദേകറുടെ പേരില്‍ ഭരണഘടനാ-പാര്‍ലമെന്‍ററി പഠന കേന്ദ്രം ആരംഭിക്കുന്നതിനും പത്തു ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ഡിജിറ്റല്‍ മാധ്യമ രംഗത്തെയും ദൃശ്യമാധ്യമ രംഗത്തെയും പുതു സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് മുന്‍ വൈസ് ചാന്‍സലര്‍ യു. ആര്‍ അനന്തമൂര്‍ത്തിയുടെ പേരില്‍ സ്കൂള്‍ ഓഫ് ഡിജിറ്റല്‍ മീഡിയ ആന്‍റ് വിഷ്വല്‍ സ്റ്റഡീസ് തുടങ്ങും. ഇതിനായി അഞ്ചു ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. സര്‍വകലാശാലയിലെ പഠന വകുപ്പുകള്‍ക്കായി 11.25 കോടി രൂപയും തെരഞ്ഞെടുത്ത ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകള്‍ക്കായി 4.75 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

സര്‍വകലാശാലാ പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തി. ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ആപ്ലിക്കഷന്‍ മുഖേന ലഭ്യമാക്കി സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്.  പരീക്ഷാ വിഭാഗത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷിക്കുന്ന ദിവസം തന്നെയോ പരാമാവധി മൂന്നു ദിവസങ്ങള്‍ക്കുള്ളിലോ നല്‍കുന്നതിന് ഗ്രീന്‍ ചാനല്‍ സംവിധാനം ഏര്‍പ്പെടുത്തും. സര്‍വകലാശാലയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന കാമ്പസായി സര്‍വകലാശാലയെ മാറ്റുകയും കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വൈദ്യുതി വില്‍ക്കുകയും ചെയ്യാനായാല്‍ വരുമാന നേട്ടത്തിന് ഉപകരിക്കും. കാമ്പസിലെ സാധ്യമായ എല്ലാ കെട്ടിടങ്ങളുടെ മുകളിലും സൗരോജ്ജ പാനലുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. 

ആവശ്യമായ സ്ഥലങ്ങളില്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകളും സജ്ജീകരിക്കും. ഈ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാമ്പസിലെ ജൈവ മാലിന്യത്തില്‍നിന്നുള്ള ഊര്‍ജ്ജോത്പാദനത്തിന് 25 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്നു. സര്‍വകലാശാലയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മള്‍ട്ടി പര്‍പ്പസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുന്നതിന് മൂന്നു കോടി രൂപ വകയിരുത്തി. ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിന് വിരമിക്കല്‍ ഫണ്ട് രൂപീകരിക്കും. ആദ്യഘട്ടമായി ഇതിനായി അഞ്ചു കോടി രൂപ ചിലവിടും.

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും തുടര്‍പരിശീലനം നല്‍കുന്നതിനായി അന്‍പതു ലക്ഷം രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി. സര്‍വകലാശാലയിലെയും അഫിലയേറ്റഡ് സ്ഥാപനങ്ങളിലെയും വിപുലമായ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിചയപ്പെടുത്തുന്നതിനായി ഏപ്രില്‍-മെയ് മാസങ്ങളില്‍ ഗ്ലോബല്‍ അക്കാദമിക് കാര്‍ണിവല്‍ സംഘടിപ്പിക്കും. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലളയവില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ പ്രവേശന ഹെല്‍പ്പ് ഡസ്കുകള്‍ ക്രമീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ ചെലവിടും.

സര്‍വകലാശാലയിലെ പഠന വകുപ്പുകളിലെ അധ്യാപകര്‍ക്കായി അക്കാദമിക് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനായി ട്രാവല്‍ ഗ്രാന്‍ഡ് ലഭ്യമാക്കും. ഇതിനായി ഐക്യുഎസി റിസര്‍ച്ച് എക്സലന്‍സ് ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിജിറ്റല്‍ മ്യൂസിയോളജി ആന്‍റ് ടൂറിസത്തിന് 25 ലക്ഷം രൂപ ചെലവിടും. രാജ്യാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി ചേര്‍ന്നുള്ള ഡിഗ്രി പ്രോഗ്രാമുകള്‍, ട്വിന്നിംഗ് ഡിഗ്രികള്‍, ഓഫ് ഷോര്‍ കാമ്പസുകള്‍ തുടങ്ങിയവയ്ക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ആധുനിക മീഡീയ സെല്‍, സര്‍വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ മുന്‍ വൈസ് ചാന്‍സലര്‍മാരുടെ ചിത്രങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന വൈസ് ചാന്‍സലേഴ്സ് ഗാലറി, ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനയും ഹെല്‍ത്ത് കാര്‍ഡും യോഗ പരിശീലനവും ലഭ്യമാക്കുന്നതിനുള്ള സംവിധാനം, കോളജുകള്‍ക്ക് ആവശ്യാനുസരണം സിലബസുകളും നൂതന പ്രോഗ്രാമുകളും തെരഞ്ഞെടുത്ത് അപേക്ഷിക്കുന്നതിനായി കേന്ദ്രീകൃത ഓണ്‍ലൈന്‍ ഡാറ്റാ ബാങ്ക് എന്നിവയ്ക്ക് അഞ്ചു ലക്ഷം രൂപ വീതവും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News