Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2025 17:13 IST
Share News :
കടുത്തുരുത്തി: തിരുവാർപ്പിലെ പാടശേഖരങ്ങളിൽ ഈ വർഷവും ഡ്രോണുകൾ വിത്ത് വിതയ്ക്കും. പരീക്ഷാണടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പുതുക്കാട്ടൻമ്പത് പാടശേഖരത്ത് ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതച്ചിരുന്നു. ഇത് വിജയമായതോടെ ഡ്രോൺവഴിയുള്ള വിത വ്യാപകമാക്കാൻ തീരുമാനിക്കുകയായിരുന്നു.
തിരുവാർപ്പിലെ 170 ഹെക്ടറോളം വരുന്ന പാടശേഖരത്താണ് ഡ്രോൺ ഉപയോഗിച്ച് വിത്തുവിതയ്ക്കുന്നത്. പദ്ധതിക്കായി നബാർഡ് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിരിപ്പുകൃഷി ചെയ്യുന്ന ചെങ്ങളം വില്ലേജിലെ മോർകാട് പാടശേഖരത്തിലാണ് ഡ്രോണുകളുപയോഗിച്ച് വിത്തുവിതയ്ക്കുക. 70 ഹെക്ടറോളം വരുന്ന പാടശേഖരമാണിത്. സമാനമായ രീതിയിൽ പതിനാലാം വാർഡിലെ നൂറു ഹെക്ടർ വരുന്ന മൂന്നു പാടശേഖരങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. പുഞ്ചക്കൃഷി നടത്തുന്ന പാടശേഖരങ്ങളാണിവ. ഒരേക്കർ സ്ഥലത്ത് പരമ്പരാഗത രീതിയിൽ വിതയ്ക്കുമ്പോൾ 50 കിലോ വിത്ത് ആവശ്യമാണ്. എന്നാൽ ഡ്രോൺ ഉപയോഗിച്ചാൽ 35 കിലോ വിത്തു മാത്രം മതിയാകുമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു. വയലിലൂടെ നടന്ന് വിതയ്ക്കുമ്പോൾ മണ്ണിൽ ഇളക്കം തട്ടുന്നതുമൂലമുണ്ടാകുന്ന അമ്ലത്വം ലഘൂകരിക്കാനും ഇതു പ്രയോജനപ്പെടും. നല്ല വിളവു ലഭിക്കുന്നതിനു പുറമേ വിത്തുവിതയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കർഷകരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഡ്രോൺ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്.
കൃഷിവകുപ്പ് കൃഷി വിജ്ഞാൻ കേന്ദ്രയുടെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇതു നടപ്പാക്കുന്നത്. കാലാവസ്ഥാനുസൃതമായ രീതിയിൽ നൂതനസാങ്കേതിക വിദ്യകളുപയോഗിച്ച് കാർഷികമേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ പറഞ്ഞു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളായതിനാൽ അതനുസരിച്ചുള്ള കൃഷിരീതികളാണ് നടപ്പാക്കുക. മൃഗസംരക്ഷണ മേഖലയിലും മത്സ്യകൃഷി മേഖലയിലും പുതിയ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഉപയോഗശൂന്യമായ കുളങ്ങൾ കണ്ടെത്തി മത്സ്യഫാമുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. നൂതന സാങ്കേതിക വിദ്യകൾ കർഷകരെ പരിചയപ്പെടുത്തുക വഴി കൃഷി കൂടുതൽ ലാഭകരമാക്കുകയാണ് ലക്ഷ്യമെന്ന് തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ നസിയ സത്താർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.