Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 20:32 IST
Share News :
മലപ്പുറം : കാർഷിക മേഖലയിലും വിദ്യാഭ്യാസ ആരോഗ്യ മേഖലയിലും സാമൂഹ്യ ക്ഷേമ പ്രവർത്തന രംഗത്തും ശ്രദ്ധേയവും ബഹു മുഖവുമായ പദ്ധതികൾ ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തേക്കുള്ള സാമ്പത്തിക ബജറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അവതരിപ്പിച്ചു.
. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. ആകെ 230 കോടിയിലേറെ (234,11,54,354 രൂപ) വരവും 220 കോടിയിലേറെ (222,12, 11,183 രൂപ) ചെലവും 11 കോടിയിലേറെ (11, 99, 39,171രൂപ) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
ജില്ലയിലെ കാർഷിക മേഖലയുടെ നിലവിലുള്ള അവസ്ഥ വിശകലനം ചെയ്തും ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിൽ സാധ്യതകളും വിപണന സാധ്യതകളും വർധിപ്പിക്കുന്ന വിധത്തിലുമുള്ള പദ്ധതികളാണ് കാർഷിക മേഖലയിൽ വിഭാവനം ചെയ്യുന്നത്.
വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസിനു പ്രാധാന്യം കൊടുക്കുന്നതും മേഖലയുടെ ആധുനിക വൽക്കരണത്തിനുമാണ് ലക്ഷ്യമിടുന്നത്.
അടുത്ത വർഷത്തെ റംസാൻ സീസണിൽ ജില്ലയിലേക്ക് ആവശ്യമായ തണ്ണിമത്തൻ മുഴുവൻ ഓർഗാനിക് രീതിയിൽ കൃഷി ചെയ്ത് ന്യായ വിലയ്ക്ക് വിപണനം ചെയ്യുന്നതിനും, രാസ വസ്തുക്കൾ പ്രയോഗിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വത്തക്ക ഒഴിവാക്കുന്നതിനും ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള 'മധുരം മലപ്പുറം - വിഷ രഹിത ഇഫ്താർ', കാർഷിക മുന്നേറ്റത്തിനും ഈ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനുമായി പ്രവാസി സഹകരണ സംഘങ്ങളെ കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള 'മരുപ്പച്ച ' പദ്ധതി, വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ പ്രോത്സാഹനം, ചങ്ങാത്തം ആത്മഹത്യാ രഹിത ലോകം പദ്ധതി, പ്രവാസി സംരംഭകർക്കായി വേൾഡ് എന്റർപ്രണർ പാർക്ക്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൂട്ടി നേരിടുന്നതിനായി നെറ്റ് സീറോ മലപ്പുറം പദ്ധതി, സ്കൂൾ വിദ്യാർത്ഥികൾക്കായി വാന നിരീക്ഷണ കേന്ദ്രം തുടങ്ങിയവ പുതിയ ബജറ്റിലെ പദ്ധതികളാണ്.
മറ്റു പ്രധാന പ്രഖ്യാപനങ്ങൾ
1. ഉൽപ്പാദന മേഖലയ്ക്ക് 15 കോടി
2. മൃഗ സംരക്ഷണവും ക്ഷീരോൽപ്പാദനവും പരിപോഷിപ്പിക്കുന്നതിന് 2.5 കോടി
3. മത്സ്യ കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് 2.5 കോടി
4. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിന് 6 കോടി
5. വിദ്യാഭ്യാസ മേഖലയുടെ ആധുനിക വൽക്കരണത്തിന് 20 കോടി
6. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന ആരോഗ്യമുള്ള മലപ്പുറം സമഗ്ര പദ്ധതിക്ക് 15 കോടി
7. തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികളിൽ പുതിയ മോർച്ചറികൾ സ്ഥാപിക്കുന്നതിനും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി 7 കോടി
8. വനിതാ ശാക്തീകരണത്തിന് 10 കോടി
9. ബാല സൗഹൃദ ജില്ലാ പദ്ധതിക്കായി 50 ലക്ഷം
10.ഭിന്ന ശേഷി സൗഹൃദ ജില്ലാ പദ്ധതിക്കായി 10 കോടി
11.സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി 5 കോടി
12. വയോജന ക്ഷേമ പദ്ധതികൾക്കായി 5 കോടി
13. മാലിന്യ സംസ്കരണ പദ്ധതികൾക്കായി 8 കോടി
14. കലാ സാംസ്‌കാരിക പൈതൃക മേഖലയുടെ പുരോഗമന പ്രവർത്തനങ്ങൾക്ക് 3 കോടി
15. മലപ്പുറത്തിന്റെ പാചക നൈപുണ്യം അന്തർ ദേശീയ തലത്തിൽ എത്തിക്കുന്നതിനുതകുന്ന ഭക്ഷ്യ മേള നടത്തുന്നതിന് 10 ലക്ഷം
16.ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലുമുള്ള ലഹരി വ്യാപനം തടയുന്നതിനുള്ള സമഗ്ര പദ്ധതിക്ക് 50 ലക്ഷം
17. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ സ്മരണാർത്ഥം പുന്നപ്പാല ക്ഷേത്രത്തിൽ കവാടവും ഊട്ടു പുരയും നിർമ്മിക്കുന്നതിന് 75 ലക്ഷം
18. സർക്കാർ സർവേ പ്രകാരം കണ്ടെത്തിയ അതി ദരിദ്ര വിഭാഗത്തിൽ പെട്ട ഭൂരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് വെക്കുന്നതിനു സ്ഥലം വാങ്ങി നൽകുന്നതിന് 10 കോടി
19.ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട സ്നേഹ തീരം എക്സിബിഷന് 10 ലക്ഷം
20. ജില്ലാ പഞ്ചായത്തിന് കീഴിലെ റോഡുകളുടെ നവീകരണത്തിന് 10 കോടി
21. പട്ടിക ജാതി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സമഗ്ര പദ്ധതികൾക്കായി 26 കോടി, പട്ടിക വർഗ്ഗ വിഭാഗക്കാരുടെ സമഗ്ര പദ്ധതിക്ക് 2 കോടി
ആശാ പ്രവർത്തകർക്ക് അധിക ഓണറേറിയവും യൂണിഫോമും നൽകുന്നതിന് ഒരു കോടി രൂപ, ഗോത്ര വർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്ന കോ ഓർഡിനേറ്റർമാർക്ക് അധിക വേതനം നൽകുന്നതിന് 25 ലക്ഷം രൂപ എന്നീ പദ്ധതികളും ബജറ്റിലുണ്ട് .
മുൻ വർഷങ്ങളിൽ ബജറ്റിൽ പറഞ്ഞിരുന്നതും എന്നാൽ സാങ്കേതികത്വങ്ങൾ കൊണ്ട് ഇത് വരെയും നിർവഹണ ഘട്ടത്തിൽ എത്താത്തതുമായ പ്രധാന പദ്ധതികൾക്കെല്ലാം പുതിയ ബജറ്റിലും പരിഗണന നൽകിയിട്ടുണ്ട്.
മറ്റു വകയിരുത്തലുകൾ
1.നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരിയംകുന്നൻ സ്മാരകം, പൂക്കോട്ടൂർ യുദ്ധ സ്മാരകം എന്നിവയ്ക്കായി 2.5 കോടി വീതം
2. വനിതകൾക്ക് സൗജന്യ ബസ് സർവിസിന് 50 ലക്ഷം
3. ഭിന്ന ലിംഗക്കാരുടെ നവോത്ഥാനത്തിനും പുനരധിവാസത്തിനുമായി 50 ലക്ഷം
4. കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ഹജ്ജ് യാത്രക്കാർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് 10 ലക്ഷം
5. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പേ വാർഡിന് 5 കോടി
6. ആഗോള നിക്ഷേപകസംഗമത്തിന് 50 ലക്ഷം
7. ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ജീവിത ശൈലീ രോഗ വിമുക്ത ജില്ലാ പദ്ധതിക്കായി 25 ലക്ഷം
നിരവധി നൂതന ആശയങ്ങൾ നിറഞ്ഞ ബജറ്റിനെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ കയ്യടിയോടെ വരവേറ്റു. അതേ സമയം, പല പദ്ധതികളും ആവർത്തിച്ചു വരുന്നതാണെന്നും പുതുമ അവകാശപ്പെടാനില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ.കരീം, ആലിപ്പറ്റ ജമീല, നസീബ അസീസ്, അംഗങ്ങളായ അഡ്വ. പി.വി.മനാഫ്, കെ.ടി.അഷ്‌റഫ്, ഫൈസൽ എടശ്ശേരി, അഡ്വ. പി.പി.മോഹൻദാസ്, വി.കെ.എം.ഷാഫി, ഇ.അഫ്സൽ, അഡ്വ. ഷെറോണ സാറ റോയ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഫോട്ടോ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2025-26.സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനവേളയിൽ പ്രസിഡന്റ് എം കെ റഫീഖ സംസാരിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.