Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2025 00:28 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട് കുഴിമറ്റത്ത് മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. ചിങ്ങവനത്തെ മുൻ സി.ഐ.ടി.യു ചുമട്ട് തൊഴിലാളി പനച്ചിക്കാട് കുഴിമറ്റം സദനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം തകടിപ്പറമ്പ് ഭാഗത്ത് കൊട്ടാരംപറമ്പിൽ പൊന്നപ്പനാണ് (65) കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാളുടെ മകളുടെ ഭർതൃപിതാവ് കുഴിമറ്റം കാവനാടി പാലത്തിനു സമീപം നാലുകണ്ടത്തിൽ വീട്ടിൽ രാജുവിനെ (59) വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്തിട്ടാണ് മകളുടെ ഭർതൃപിതാവ് പക്ഷാഘാതം ബാധിച്ച് ചികിത്സയിലിരുന്ന വയോധികനെ കുത്തിക്കൊലപ്പെടുത്തിയത്. മകൻ ഭാര്യ വീട്ടിൽ വന്ന് നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് വയോധികൻ കുത്തി കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച വൈകിട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. പൊന്നപ്പന്റെ മകൾ ആര്യ വിവാഹം കഴിച്ചിരിക്കുന്നത് രാജുവിന്റെ മകൻ രജീഷിനെയാണ്. രജീഷ് ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി നിരന്തരം രാജുവുമായി തർക്കമുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്യാൻ വൈകിട്ട് രാജു പൊന്നപ്പന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന്, രണ്ടു പേരും തമ്മിൽ തർക്കം ഉണ്ടാകുകയും, രാജു പൊന്നപ്പനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാജുവിന്റെയും പൊന്നപ്പന്റെയും മക്കൾ വ്യത്യസ്ത സമുദായത്തിൽപ്പെട്ടവരാണ്. ഇരുവരും വിവാഹം കഴിച്ചതിനെച്ചൊല്ലിയും രണ്ടു പേരും തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നു.
കുത്തേറ്റ പൊന്നപ്പനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണ വിവരം അറിഞ്ഞ ഉടൻ രാജു വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജുവിനെ തേടി ചിങ്ങവനം എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ രാജുവിനെ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. രാജു അപകട നില തരണം ചെയ്തതായാണ് സൂചന. മരിച്ച പൊന്നപ്പന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു.
Follow us on :
More in Related News
Please select your location.