Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേൾവി തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചു; ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ കമ്മിഷൻ.

08 May 2025 13:42 IST

santhosh sharma.v

Share News :

കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക്ക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫനാണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്‌പെഷ്യലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്. ഈ സ്ഥാപനത്തിൽ നിന്നു നൽകിയ 39,000 രൂപയുടെ മെഷീൻ പ്രവർത്തിക്കാതെ വന്നതിനെത്തുടർന്ന് പരാതിക്കാരൻ എതിർകക്ഷിയെ സമീപിക്കുകയും 60000 രൂപ കൂടി നൽകിയാൽ 1,30,000 രൂപയുടെ ഉപകരണം 30 ശതമാനം ഡിസ്‌കൗണ്ടിൽ നൽകാമെന്ന് പറഞ്ഞ് സെന്റർ ഉടമ അഞ്ജുമരിയ പിന്നെയും പണം വാങ്ങുകയും ഉപകരണം നൽകാതെ പോകുകയുമായിരുന്നു. ഹൃദ്രോഗി കൂടിയായ പരാതിക്കാരൻ പലതവണ ഇവരുടെ ക്ലിനിക്കിൽ ചെന്നെങ്കിലും ക്ലിനിക്ക് പൂട്ടി കിടക്കുകയായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെടാനും സാധിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വയോധികനും  ഹൃദ്രോഗിയുമായ സ്റ്റീഫനെ കബളിപ്പിച്ച് അനുചിതവ്യാപാരം അഞ്ജുമരിയ നടത്തിയെന്ന് കണ്ടെത്തിയ കമ്മീഷൻ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ 99,000 രൂപ തിരികെ നൽകാനും അൻപതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും വിധിക്കുകയായിരുന്നു. കൂടാതെ പ്രായാധിക്യവും രോഗവും മൂലം കഷ്ടപ്പെടുന്ന വൃദ്ധജനങ്ങളോട് കാണിക്കുന്ന ഇത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷയായി  അഞ്ജുമരിയയിൽനിന്ന് കമ്മീഷന്റെ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് പണം നൽകാനും വിധിച്ചു. പ്രസിഡൻ്റ് അഡ്വ. വി.എസ്. മനു ലാൽ, അംഗങ്ങളായ അഡ്വ. ആർ. ബിന്ദു, കെ.എം ആന്റോ എന്നിവരാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്.


Follow us on :

More in Related News