Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴാ - ഞീഴൂര്‍ റോഡ് ഉദ്ഘാടനം മെയ് 16 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു

07 May 2025 20:32 IST

SUNITHA MEGAS

Share News :


കടുത്തുരുത്തിപൊതുമരാമത്ത് വകുപ്പ് ഉന്നത നിലവാരത്തില്‍ നവീകരിച്ച കോഴാ - ഞീഴൂര്‍ റോഡിന്റെ ഉദ്ഘാടനം മെയ് 16 വെള്ളിയാഴ്ച 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നിര്‍വ്വഹിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. കുറവിലങ്ങാട് - ഞീഴൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കോഴാ - ഞീഴൂര്‍ റോഡ് ബി.എം. ആന്‍ഡ് ബി.സി. ഹൈടെക് നിലവാരത്തില്‍ 6.10 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരിച്ചിരിക്കുന്നത്. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ നബാര്‍ഡ് മുഖാന്തിരം അനുവദിച്ച 6 കോടി രൂപ വിനിയോഗിച്ചാണ് കോഴ - ഞീഴൂര്‍ റോഡിന്റെ സമഗ്രവികസനം നടപ്പാക്കിയതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. റോഡ് വികസനത്തിന്റെ ഭാഗമായി അപകടാവസ്ഥയിലായിരുന്ന രണ്ട് കലിങ്കുകള്‍ പുനര്‍നിര്‍മ്മിക്കുകയും ഇതോടനുബന്ധിച്ച് ഓട നിര്‍മ്മാണം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ വശങ്ങളില്‍ താഴ്ന്ന ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് അപകടരഹിതമാക്കാനും കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം റോഡ് സേഫ്റ്റി ബോര്‍ഡുകളും റോഡില്‍ ലൈന്‍മാര്‍ക്കിംഗും സ്റ്റഡ്ഡുകള്‍ സ്ഥാപിക്കുകയും നടപ്പാക്കിയിട്ടുണ്ട്. നിലവിലുള്ള വീതിക്ക് റോഡ് വികസനം നടത്തിയതിലൂടെ ജനങ്ങള്‍ക്ക് യാതൊരുവിധ ഉപദ്രവവും ഇല്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതും പ്രധാന കാര്യമാണ്. 

കോഴാ - ഞീഴൂര്‍ ഗ്രാമീണ റോഡ് ഉന്നതനിലവാരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞത് വികസനരംഗത്ത് ഏറ്റവും അഭിമാനകരമായ നേട്ടമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. റോഡ് ഉദ്ഘാടനസമ്മേളനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഡ്വ. കെ. പ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., ജില്ല -ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. റോഡിന്റെ ശിലാഫലകം അനാവരണം ചെയ്യുന്നതാണ്. 

ഉദ്ഘാടനപരിപാടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും കൂടിയാലോചന നടത്തുന്നതിനുംവേണ്ടി കുറവിലങ്ങാട് ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, എന്നിവരുടെ സംയുക്തയോഗം മെയ് 8 വ്യാഴം 4 മണിയ്ക്ക് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

Follow us on :

More in Related News