Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 16:34 IST
Share News :
കോട്ടയം: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും പുതുതായി ആരംഭിക്കുന്ന ബസ് സർവീസുകൾ 2025 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ഇത് സംബന്ധിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചതായും എം.പി പറഞ്ഞു.
രണ്ട് ബസുകളുടെയും റൂട്ടും,സമയവും, നിരക്കും പ്രഖ്യാപിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസ് ആണ് സർവീസ് നടത്തുക. വൈക്കത്ത്നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ 697 കിലോമീറ്ററും, വൈക്കം - വേളാങ്കണ്ണി 612 കിലോമീറ്ററും ആണ് ദൂരം.
വൈക്കത്ത് നിന്നും വൈകുന്നേരം 3.30ന് പുറപ്പെടുന്ന ബസ് കോട്ടയം,കുമളി, തേനി,ഡിൻഡിഗൽ, ട്രിച്ചി വഴി രാവിലെ 8 മണിക്ക് ചെന്നൈയിൽ എത്തിച്ചേരും. ചെന്നൈയിൽ നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് രാവിലെ 8.30 ന് വൈക്കത്ത് എത്തിച്ചേരുമെന്നും ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.
തമിഴ്നാട് ട്രാൻസ് പോർട്ട് കോർപ്പറേഷൻ്റെ ചെന്നൈ ഡിപ്പോയിലെ ബസ് ആണ് സർവ്വീസ് നടത്തുന്നത്. വൈക്കത്ത് നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് കോട്ടയം , തെങ്കാശി, മധുര, തഞ്ചാവൂർ വഴി രാവിലെ 7.45 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.
വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 4.30 ന് പുറപ്പെടുന്ന ബസ് രാവിലെ 8.15 ന് വൈക്കത്ത് എത്തിച്ചേരുമെന്നും ഫ്രാൻസിസ് ജോർജ് എം. പി പറഞ്ഞു. തമിഴ്നാട് ട്രാൻസ് പോർട്ട് കോർപ്പറേഷൻ്റെ നാഗപട്ടണം ഡിപ്പോയിലെ രണ്ട് ബസുകൾ വീതം ആണ് വേളാങ്കണ്ണിയിൽ നിന്നും വൈക്കത്തേക്കും തിരിച്ചും സർവ്വീസ് നടത്തുന്നതിന് ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിലും തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിചെയ്യുന്നവർക്കും, വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകുന്ന തീർത്ഥാടകർക്കും ഈ സർവ്വീസുകൾ ഏറെ പ്രയോജനപ്പെടുമെന്ന് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.വൈക്കം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, പാലാ, കോട്ടയം, പുതുപ്പള്ളി അടക്കമുള്ള നിരവധി ആളുകൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.
തന്തൈ പെരിയാർ സ്മാരകത്തിൻ്റെ ഉദ്ഘാടന വേദിയിൽ ഈ ആവശ്യം ശ്രദ്ധയിൽ പെടുത്തിയ ഉടൻ നടപടി സ്വീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടും ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവങ്കറിനോടും ഫ്രാൻസിസ് ജോർജ് എം.പി. നന്ദി അറിയിച്ചു.
Follow us on :
More in Related News
Please select your location.