Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'അരങ്ങ്' ഉണർന്നു; കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് കോട്ടയത്ത് തുടക്കമായി

26 May 2025 14:51 IST

CN Remya

Share News :

കോട്ടയം: ലഹരി പോലുള്ള അധമ സംസ്ക്കാരത്തിനെതിരേ യുദ്ധം ചെയ്യാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂവെന്നും സ്ത്രീകളുടെ സാംസ്കാരിക കൂട്ടായ്മകൾ അതിന് സഹായകമാകുമെന്നും സഹകരണ ദേവസ്വം തുറമുഖം വകുപ്പ് മന്ത്രി വി. എൻ വാസവൻ. കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന  അരങ്ങ് സംസ്ഥാന കലോത്സവം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയായി കുടുംബശ്രീ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാൽ നൂറ്റാണ്ട് കാലത്തെ കരുത്തുറ്റ പ്രവർത്തനങ്ങളിലൂടെ സ്ത്രീകളെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് കൊണ്ടു വരാനും കുടുംബശ്രീക്ക് കഴിഞ്ഞു. 

സംസഥാന സ്കൂൾ യുവജനോത്സവം കഴിഞ്ഞാൽ സംഘാടന മികവിലും പരിപാടികളുടെ വൈവിധ്യവുമടക്കമുള്ള ആസൂത്രണമികവിലും കുടുംബശ്രീ അരങ്ങ് കലോത്സവം മുന്നിൽ നിൽക്കുന്നു.  കുടുംബശ്രീ അയൽക്കൂട്ടതലം മുതൽ സംഘടിപ്പിച്ചു വരുന്ന കലാസാഹിത്യ മത്സരങ്ങളും അതുവഴി സ്ത്രീകൾ നേടിയെടുക്കുന്ന ബൗദ്ധിക നിലവാരവും സാംസ്കാരിക ബോധ്യവും ലഹരിയടക്കമുള്ളസാമൂഹ്യ വിപത്തുകളെ ശക്തമായി പ്രതിരോധിക്കുന്നതിന് സഹായകമാകും. അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സഹിപ്പിക്കുന്നതിനുള്ള അരങ്ങ് വേദികൾ അവരുടെ മാനസിക ഉല്ലാസത്തിനു വഴിയൊരുക്കുന്നതോടൊപ്പം സമകാലീന സാമൂഹ്യ പ്രശ്നങ്ങളെ അവതരിപ്പിക്കുന്നതിനള്ള മികച്ച വേദിയായും മാറും. ലഹരിയടക്കമുള്ള എല്ലാ സാമൂഹ്യ വിപത്തുകൾക്കെതിരെയും പോരാടാൻ കലയും സാഹിത്യവും സ്പോർട്ട്സും ആയുധമാക്കാൻ കുടുംബശ്രീ വനിതകൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.

കാലദേശഭാഷകൾക്കതീതമായി കുടുംബശ്രീ അരങ്ങ് പോലുള്ള കലോത്സവങ്ങൾ നവോത്ഥാനത്തിന് സഹായകമാകുമെന്നും സ്ത്രീകളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ തിരിച്ചറിയാനും വളർത്താനുള്ള വേദി സൃഷ്ടിക്കാൻ അരങ്ങ് കലോത്സവത്തിന് സാധിക്കുമെന്നും ഡോ. എൻ. ജയരാജ് എം.എൽ.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

എം.എൽ.എമാരായ സി.കെ ആശ, അഡ്വ.ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കലക്ടർ ജോൺ വി.സാമുവൽ, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, പൊതുമരാമത്ത് അധ്യക്ഷ ഹൈമി ബോബി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ.മണി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ, ജില്ലാപഞ്ചായത്ത് ഡിവിഷണൽ മെമ്പർ പ്രൊഫ.റോസമ്മ സോണി, ജില്ലാ പഞ്ചായത്ത് ഡിവിഷണൽ അംഗം കെ.വി ബിന്ദു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വർഗീസ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാംകുമാർ കെ. യു, ഫാ. ജോസഫ് മുണ്ടകത്തിൽ, അതിരമ്പുഴ സി.ഡി.എസ് അധ്യക്ഷ ബീന സണ്ണി എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ നന്ദി പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തിനു ശേഷം പ്രധാന വേദിയായ സെന്റ് മേരീസ് പാരിഷ് ഹാളിൽ തിരുവാതിര ജൂനിയർ മത്സരം നടന്നു. പതിനാല് വേദികളിലായി  49 ഇനങ്ങളിൽ നടക്കുന്ന മത്സരത്തിൽ  ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 3500-ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും. അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളാണ് പ്രധാന വേദി. സെന്റ് അലോഷ്യസ് എച്ച്.എസ് ഓപ്പൺ സ്റ്റേജ്, എ.സി പാരിഷ് ഹാൾ, വിശ്വമാതാ ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എൽ.പി സ്‌കൂൾ, സെന്റ് മേരീസ് ഗേൾസ് യു.പി സ്‌കൂൾ എന്നിവയാണ് സ്റ്റേജ് ഇനങ്ങളുടെ വേദികൾ. കലോത്സവം മേയ് 28 ബുധനാഴ്ച സമാപിക്കും.

Follow us on :

More in Related News