Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രിയുടെ കോലം തൂക്കിലേറ്റാന്‍ ശ്രമം; കടുത്തുരുത്തിയിൽ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകർ തമ്മിൽ സംഘർഷം.

28 Apr 2025 23:34 IST

santhosh sharma.v

Share News :

കോട്ടയം: പ്രതിക്ഷേധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ കോലം തൂക്കിലേറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ശ്രമത്തെ സിപിഎം പ്രവര്‍ത്തകരെത്തി തടഞ്ഞതോടെ കടുത്തുരുത്തിയില്‍ സംഘര്‍ഷം. വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫിൻ്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തിയാണ് രണ്ട്ക്കൂറുകളോളം നീണ്ട സംഘര്‍ഷത്തിന് അറുതി വരുത്തിയത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലാണ് സംഭവം. കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിക്ഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. ഒമ്പത് വര്‍ഷത്തെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തില്‍ കേരളം നശിച്ച ഒമ്പത് വര്‍ഷങ്ങള്‍ എന്ന് പേരില്‍ മുഖ്യമന്ത്രിയുടെ കോലമുണ്ടാക്കി തൂക്കിലേറ്റാനായിരുന്നു ബ്ലോക്ക് പ്രസിഡൻ്റിൻ്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം. ഇതിനിടെ സംഭവമറിഞ്ഞ് ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇത് തടയുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും തര്‍ക്കത്തിലാവുകയും ഇതിനിടെ മുഖ്യമന്ത്രിയുടെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ കോലം തട്ടിപറിച്ചെടുത്തു നശിപ്പിച്ചു. ഇതോടെ ഇരുകൂട്ടരം തമ്മില്‍ തര്‍ക്കവും വാക്കേറ്റവും കയ്യാങ്കളിയും അരങ്ങേറി. ഇതോടെ വന്‍ പോലീസ് സന്നാഹവും ടൗണിലെത്തി. ഇതിനിടെ ഇരുവിഭാഗവും ടൗണിന്റെ ഇരുവശങ്ങളിലും നിന്നും മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ കോട്ടയം-എറണാകുളം റോഡില്‍ വാഹനഗതാഗതവും തടസ്സപെട്ടു. തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുടെയും നേതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലും സിപിഎം പ്രവര്‍ത്തകർ ടൗണിലും പ്രകടനം നടത്തി പിരിഞ്ഞു പോയി.

സംഭവുമായി ബന്ധപെട്ട് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.



Follow us on :

More in Related News