Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളയൂര്‍ ബഡ്സ് സ്‌കൂള്‍ മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു

08 Aug 2025 21:11 IST

Jithu Vijay

Share News :

പട്ടാമ്പി : ഭിന്നശേഷി വിഭാഗക്കാരുടെ സാമ്പത്തിക സ്വയം പര്യാപ്തയാണ് സർക്കാർ ലക്ഷ്യമിടുന്നെന്ന് 

ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. വിളയൂര്‍ ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ സ്വയം പര്യാപ്തയ്ക്കായി സ്വയം സഹായ സഹകരണ സംഘങ്ങളുടെ നെറ്റ് വർക്കായ സുശക്തി പ്രവർത്തനം ആരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


സമൂഹത്തിൽ സ്ത്രീകളുടെ മുന്നേറ്റത്തിന് പ്രചോദനം കുറിച്ച കുടുംബശ്രീ പദ്ധതി പോലെ ഭിന്നശേഷി മേഖലയിൽ വലിയ മാറ്റം സുഷ്ടിക്കാൻ സുശക്തി പദ്ധതിയ്ക്ക് കഴിയും. ഇതിലൂടെ ഇവർ നിർമ്മിക്കുന്ന ഉല്പന്നങ്ങൾക്ക് ബ്രാൻ്റ് നൽകി വിപണിയിലെത്തിക്കാനും കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


സമൂഹത്തിൽ ഭിന്നശേഷിക്കാർക്ക് നേരയുള്ള സമീപനത്തിലും പെരുമാറ്റത്തിലും ഇനിയും മാറ്റം വരേണ്ടതുണ്ടെന്നും പ്രഥമ പരിഗണന ഭിന്നശേഷിക്കാർക്ക് നൽകണമെന്നും

മന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഭിന്നശേഷിത്വമില്ലാത്ത നാടായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പി മണ്ഡലത്തിൽ മുഹമ്മദ് മുഹസിന്‍ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ മുന്നേറ്റമായ ശ്രദ്ധ പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു.


മുഹമ്മദ് മുഹസിന്‍ എംഎൽഎയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ട് ഘട്ടങ്ങളായി 1.50 കോടി രൂപ വിനിയോഗിച്ചാണ് വിളയൂര്‍ ബഡ്സ് സ്‌കൂള്‍ നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്ററിൽ ഒന്നാണ് വിളയൂരിലേത്. വിളയൂര്‍ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്നാണ് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 


ചടങ്ങിൽ മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത മണികണ്ഠൻ, വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ ബേബി ഗിരിജ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാബിറ ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി നൗഫൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് സരിത, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അശ്വതി, പട്ടാമ്പി അഡിഷ്ണൽ സിഡിപിഒ ഷഹനാസ്, ബഡ്സ് റിഹാബിലിറ്റേഷൻ പ്രിൻസിപ്പൽ മറിയ ഹമീദ്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികൾ,രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ബഡ്സ് സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻ്റ് മേളവും കലാപരിപാടികളും ഉണ്ടായിരുന്നു.

Follow us on :

More in Related News