Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി ബൈപ്പാസ് - സർവ്വേയും മണ്ണ് പരിശോധനയും ആരംഭിച്ചു

30 Aug 2024 13:08 IST

Arun das

Share News :

വടക്കാഞ്ചേരി ബൈപ്പാസ് - സർവ്വേയും മണ്ണ് പരിശോധനയും ആരംഭിച്ചു. അകമലയിലെ കാട്ടിലെ ഗേറ്റ് എന്ന് പറയുന്ന സ്ഥലത്താണ് അധികൃതർ ഇന്ന് മണ്ണ് പരിശോധന തുടങ്ങിയത്.ഇവിടെ മേല്പാലം നിർമ്മിച്ച്, ഷൊർണൂർ സംസ്ഥാന പാതയിൽ എത്തുന്ന രീതിയിലാണ് മേല്പാലം നിർമ്മിക്കാനുദ്ദേശിക്കുന്നത്.

 വടക്കാഞ്ചേരി ബൈപ്പാസിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (GAD) തയ്യാറാക്കുന്നതിനായി ടോപ്പോഗ്രാഫിക് സർവ്വേയും, സോയിൽ ഇൻവെസ്റ്റിഗേഷനും ഇന്ന് ആരംഭിച്ചു. GAD തയ്യാറാക്കി റെയിൽവേയിൽ നിന്ന് അംഗീകാരം നേടിയെടുക്കുന്നതിനായി, കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനെയാണ് (KRDCL) ചുമതലപ്പെടുത്തിയിരിക്കുന്നത്. കെ-റെയിൽ കോർപ്പറേഷൻ 75 ദിവസത്തിനകം GAD തയ്യാറാക്കി അംഗീകാരത്തിനായി റെയിൽവേക്ക് സമർപ്പിക്കുമെന്ന് എം എൽ എ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു.


എറണാകുളം-ഷൊർണൂർ സെക്ഷനിൽ പുതിയ ട്രാക്കുകൾ നിർമ്മിക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നതിനാൽ മേൽപ്പാലത്തിന്റെ ഡിസൈനും, അലൈൻമെൻ്റും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിട്ടിരുന്നു. ഈ തടസങ്ങൾ നീക്കി വടക്കാഞ്ചേരി ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിനായി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് GAD തയ്യാറാക്കുന്നതിനു KRDCLനെ ചുമതലപ്പെടുത്തിയത് എന്ന് വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളി പറഞ്ഞു. നിലവിലുള്ള റെയിൽവെ ട്രാക്കിൽ നിന്ന് മുപ്പത് മീറ്റർ മാറി, 24 മീറ്റർ വീതിയിൽ ആറ് വരിയിൽ, അഞ്ചേ മുക്കാൽ കിലോമീറ്റർ ബൈപ്പാസ് റോഡാണ് ഉദ്ദേശിക്കുന്നത്. ബൈപ്പാസിൻ്റെ ഭാഗമായി വടക്കാഞ്ചേരി പുഴക്ക് കുറുകെ ഒരു പാലം കൂടി നിർമ്മിക്കും. എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി, ഉദ്യോഗസ്ഥരായ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണരാജ്, അസിസ്റ്റൻ്റ് എഞ്ചിനീയർ സജിത്ത്, കെ റെയിൽ സെക്ഷൻ എഞ്ചിനീയർ മിഥുൻ ജോസഫ്, നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി വി മുഹമ്മദ് ബഷീർ, കൗൺസിലർമാരായ പ്രദീപ്, എ ഡി അജി, സഹകരണ ബാങ്ക് സെക്രട്ടറി കെ പി മദനൻ, എം ജെ ബിനോയ്, പി എൻ അനിൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന ആരംഭിച്ചത്.

Follow us on :

More in Related News