Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ട വിവാദം പ്രതിഷേധം കനക്കുന്നു; ആശുപത്രിക്ക് മുമ്പിൽ യൂത്ത് ലീഗ് ഉപവസിച്ചു.

17 Jan 2025 09:11 IST

Jithu Vijay

Share News :

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്നിയൂർ സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ പോസ്റ്റ്മോർട്ട വിവാദവും വിരല് അറ്റ് ചികിൽസ തേടി വന്ന ഒരു വയസുകാരന് ചികിൽസ നിഷേധിച്ചത് ചോദ്യം ചെയ്തയാൾക്കെതിരെ പോസ്റ്റ്മോർട്ട വിവാദത്തിൽപ്പെട്ട ലേഡീ ഡോക്ടർ പോലീസിൽ പരാതി നൽകുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. താലൂക്ക് ആശുപത്രിയിലെ മനുഷ്യത്വരഹിതമായ ചില ഡോക്ടർമാരുടെ പെരുമാറ്റത്തിനെതിരെയും കുറ്റക്കാരായ ഡോക്ടർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആശുപത്രിക്ക് മുമ്പിൽ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം കെ.പി.എ.മജീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.


സൗകര്യപ്രദമായ സാഹചര്യം ഒരുക്കിയിട്ടും അതിനനുസൃതമായി രോഗികള്‍ക്ക് നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നില്ലെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും കെ.പി.എ മജീദ് എം.എൽ.എ.പറഞ്ഞു. 

ഡോക്ടര്‍മാരുടെ ആവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചില നിയമ നിര്‍മാണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പോലെ തന്നെ ചികിത്സക്കെത്തുന്ന രോഗികളുടെ അവകാശങ്ങളും പ്രധാനമാണ്. ഡോക്ടര്‍മാര്‍ക്ക് നിരവധി സംഘടനകള്‍ ഉണ്ട്. ചെറിയ പ്രശ്നമുണ്ടായാല്‍ അവര്‍ ഇടപ്പെട്ട് ഓരോ സര്‍ക്കാറിനെയും മറ്റു സംവിധാനങ്ങളെയും മുട്ടുക്കുത്തിക്കുന്നത് കാണാന്‍ സാധിക്കും. എന്നാല്‍ രോഗികള്‍ക്ക് സംഘടനയില്ല, പ്രതിഷേധിക്കാന്‍ സംവിധാനമില്ല എന്നത് കൊണ്ട് ഒറ്റപ്പെടുത്തുകയും യഥാ സമയം ചികിത്സ ലഭ്യമാക്കാത്ത സാഹചര്യം പെരുകി വരുന്നുവെന്നും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുമായി ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമെന്നും മജീദ് എം.എല്‍.എ പറഞ്ഞു.


ചെമ്മാട് കൊടിഞ്ഞി റോഡില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രി കവാടത്തിന് മുമ്പിലായി പ്രത്യേകം തെയ്യാറാക്കിയ പന്തലില്‍ രാവിലെ ഒന്‍പത് മണിയോടെയാണ് ഉപവാസ സമരം തുടങ്ങിയത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായ ഉപവാസ സമരത്തില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ സി.പി ഇസ്മായീല്‍, വികസന സ്ഥിര സമിതി അധ്യക്ഷന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ആശുപത്രി എച്ച്.എം.സി അംഗങ്ങളായ റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, അയ്യൂബ് തലാപ്പില്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത, വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.എ ജലീല്‍, പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ്, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് പുതുമ സംസു, എടരിക്കോട് പഞ്ചയാത്ത് പ്രസിഡന്റ് ഫസലുദ്ധീന്‍ തയ്യില്‍, യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.എം സാലിം, കെ കുഞ്ഞിമരക്കാര്‍, പി.എം.എ ജലീല്‍, സി.കെ.എ റസാഖ്, ഊര്‍പ്പായി മുസ്തഫ, എം.പി കുഞ്ഞിമൊയ്തീന്‍, വി.എം മജീദ് മറ്റു ജനപ്രതിനിധികള്‍, നേതാക്കള്‍ പങ്കെടുത്തു. 


Follow us on :

More in Related News