Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 17:28 IST
Share News :
പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ പുതുവൽസരത്തെ സുഗമമായി വരവേൽക്കുവാൻ കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതിനായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നാരായണൻ. ടി. ഐ.പി.എസ്. ന്റെ നേതൃത്വത്തിൽ ഡെപ്യുട്ടി പോലീസ് കമ്മീഷണർ (ലോ ആൻറ് ഓർഡർ), അഡീഷണൽ ഡി.സി.പി. (അഡ്മിനിസ്ട്രേഷൻ), ഏഴോളം എ.സി.പി.മാർ, കൂടാതെ ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർ ഉൾപ്പെടെ എഴുനൂറ്റിയമ്പതോളം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ളതാണ്.
പുതുവൽസര ആഘോഷങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളായ കോഴിക്കോട് ബീച്ച്, ബട്ട് റോഡ് ബീച്ച്, വരക്കൽ ബീച്ച്, ബേപ്പൂർ ബീച്ച്, പുലിമൂട്ട്, മാളുകൾ, ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, റിസോർട്ടുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട് മെന്റുകൾ മുതലായ സ്ഥലങ്ങളിലും കൂടാതെ ബസ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.
പുതുവൽസരാഘോഷങ്ങളുടെ മറവിൽ യാതൊരുവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുവാൻ പാടുള്ളതല്ല.
ആഘോഷങ്ങൾ മതിയായ വെളിച്ചത്തോടുകൂടി മാത്രമേ നടത്തുവാൻ പാടുള്ളു. ഇത് പരിപാടി നടത്തുന്ന സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്.
പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി കാർ/ബൈക്ക് റേസിംഗ് നടത്തുന്നതും, പൊതുസ്ഥലങ്ങളിൽവെച്ച് പരസ്യമായി മദ്യപിക്കുന്നതും, മദ്യപിച്ച് വാഹനം ഓടിക്കുന്നതും തടയുന്നതിനായി പോലീസിന്റെ ശക്തമായ നടപടികൾ ഉണ്ടായിരിക്കുന്നതാണ്.
ജില്ലാ അതിർത്തികളിൽ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് ശക്തമായ വാഹനപരിശോധന ഉണ്ടായിരിക്കുന്നതാണ്.
സ്ത്രീകളുടെയും, കുട്ടികളുടെയും, വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് മഫ്റ്റി പോലീസിനെയും വനിതാ പോലീസുദ്യോഗസ്ഥരെയും നിയോഗിക്കും.
വൈകീട്ട് 05.00 മണി മുതൽ ഗാന്ധി റോഡ് മുതൽ വലിയങ്ങാടി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വാഹനഗതാഗതം അനുവദിക്കുന്നതല്ല. വൈകീട്ട് 05.00 മണിയ്ക്ക് ശേഷം ബീച്ചിലേക്ക് വരുന്നവർ വാഹനങ്ങൾ പുറത്തുള്ള പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്ത ശേഷം ബീച്ചിലേയ്ക്ക് വരേണ്ടതാണ്.
ബീച്ചിലേക്ക് വന്നയാളുകൾ 01.01.2025 തിയ്യതി പുലർച്ചെ 01.00 മണിയ്ക്കുള്ളിൽ ബീച്ചിൽനിന്നും മടങ്ങേണ്ടതാണ്.
ഉച്ചഭാഷിണി ഉപയോഗിച്ച് ചട്ടലംഘനം നടത്തിയാൽ കർശന നടപടി സ്വീകരിക്കുന്നതാണ്.
പുതുവൽസര ആഘോഷം നടത്തുവാൻ തീരുമാനിച്ചിട്ടുള്ള എല്ലാ സംഘടനകളും/സംഘാടകരും അതാതു പോലീസ് സ്റ്റേഷനിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരിക്കേണ്ടതാണ്.
പുതുവൽസരാഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കേരളാ പോലീസിന്റെ ടോൾ-ഫ്രീ നമ്പറായ (112),(1515)-ലേക്കോ വിളിക്കാവുന്നതാണ്.
ലഹരി വിൽപ്പനയ്ക്കും ഉപയോഗത്തിനുമെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡിന്റെ ശക്തമായ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
ആളുകൾ ധാരാളമായി പങ്കെടുക്കുന്ന പരിപാടികളിൽ തിക്കുംതിരക്കും കാരണം എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ അത്തരം അടിയന്തിര സാഹചര്യം നേരിടുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പുവരുത്തേണ്ടതാണ്.
എൽ.ഇ.ഡി. ലൈറ്റ് ഡിസ്പ്ലേ നടക്കുന്ന സ്ഥലങ്ങളിൽനിന്നും കുട്ടികൾക്ക് ഷോക്കേൽക്കാതിരിക്കാൻ അനൌൺസ്മെന്റ് നടത്തി രക്ഷിതാക്കളെ ബോധവാൻമാരാക്കേണ്ടതാണ്.
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആഘോഷ പരിപാടികൾ നടക്കുന്നുണ്ടെങ്കിൽ ക്യാമ്പുകളുടെ നടത്തിപ്പുകാർ അല്ലെങ്കിൽ തൊഴിലുടമകൾ ആവശ്യമായ നിർദ്ദേശം നൽകേണ്ടതും പരിപാടി സമാധാനപരമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
Follow us on :
Tags:
More in Related News
Please select your location.