Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിസന്ധികള്‍ക്ക് വിരാമം ; തിരൂർ ജില്ലാ ആശുപത്രിയില്‍ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 11ന് മന്ത്രി വീണ ജോർജ് നിർവഹിക്കും

09 Aug 2025 07:04 IST

Jithu Vijay

Share News :

തിരൂർ : സാങ്കേതിക പ്രതിസന്ധികള്‍ മറികടന്ന് തിരൂർ ജില്ലാ ആശുപത്രിയില്‍ പുതുതായി നിർമ്മിച്ച ഒൻപത് നില കെട്ടിടത്തിലെ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 11ന് മന്ത്രി വീണ ജോർജ് നിർവഹിക്കും. നബാർഡിന്റെ 28 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ചത്. 33 കോടി രൂപയാണ് പദ്ധതിക്കായി നബാർഡ് അനുവദിച്ചിരുന്നത്. എന്നാല്‍, സമയബന്ധിതമായി പണി പൂർത്തിയാകാത്തതിനാല്‍ അഞ്ച് കോടി രൂപ ലാപ്സായി. കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും സാങ്കേതിക കുരുക്കില്‍ പെട്ടാണ് ഉദ്ഘാടനം നീണ്ടത്.


കാൻസർ ചികിത്സയ്ക്കായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2016ലാണ് കെട്ടിടം പണിയാൻ തീരുമാനിച്ചത്. നാല് നിലയ്ക്കാണ് നഗരസഭ നമ്പർ നല്‍കിയിട്ടുള്ളത്. കെട്ടിടനമ്പർ

ലഭ്യമാകാത്തത് മൂലം സർക്കാർ എട്ട് വ്യവസ്ഥകളില്‍ ഇളവ് നല്‍കിയിരുന്നു. 2022ല്‍ പൊതുമരാമത്ത് വകുപ്പ് പണി പൂർത്തിയാക്കി കെട്ടിടം പൂർണമായും കൈമാറിയിരുന്നെങ്കിലും അഗ്നിരക്ഷാ സേനയുടെ അനുമതിപത്രം ലഭിക്കാത്തതിനാല്‍ നഗരസഭ കെട്ടിടത്തിന് നമ്പർ അനുവദിച്ചിരുന്നില്ല.


പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് എൻ.ഒ.സി ലഭിച്ചതോടെയാണ് ഓങ്കോളജി ബ്ലോക്ക് തുറക്കുന്നത്. എന്നാല്‍, സർക്കാർ ഒമ്പത് നിലകളും ക്യാൻസർ ചികിത്സയ്ക്ക് നല്‍കേണ്ടതില്ലെന്ന നിലപാടെടുത്തു. ആദ്യത്തെ നാലു നിലകളാണ് അർബുദ രോഗികളുടെ ചികിത്സയ്ക്കും മറ്റു രോഗികളുടെ ചികിത്സയ്ക്കുമായി തുറന്നുകൊടുക്കുക. ഈ നാല് നിലകളില്‍ ക്യാൻസർ പരിശോധനക്ക് പുറമെ ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ളവ മാറ്റും. മരുന്നുകളും സജ്ജീകരിക്കും.


മാമോഗ്രാം യൂണിറ്റ് ഉദ്ഘാടനവും ഓങ്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനത്തോടൊപ്പം നടക്കും. റേഡിയേഷൻ നല്‍കാനുള്ള യന്ത്രവും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ 17 കോടി രൂപ ആവശ്യമാണ്. ഇതിന് സംസ്ഥാന സർക്കാരോ നബാർഡോ കനിയണം. റേഡിയേഷൻ റൂം കോടികള്‍ മുടക്കി നിർമ്മിച്ചിട്ടുണ്ടെങ്കിലും മെഷീൻ സ്ഥാപിക്കാനായില്ല. നിലവില്‍ തിരൂർ ജില്ല ആശുപത്രിയില്‍ പ്രവർത്തിക്കുന്ന അർബുദ ചികിത്സ കേന്ദ്രത്തില്‍ ഒരു വർഷം 8000ത്തോളം രോഗികള്‍ ചികിത്സ തേടിയെത്തുന്നുണ്ട്.

Follow us on :

More in Related News