Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2025 14:16 IST
Share News :
മലപ്പുറം : ഒന്നാം ക്ലാസ് മുതൽ 9 വരെ സമ്പൂർണ്ണ വിജയത്തിൽ യോജിപ്പില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല. ഒന്നാം ക്ലാസിൽ പ്രവേശനത്തിന് സംഭാവന പാടില്ലെന്നും അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.
അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധന വിധേയമാക്കും. ന്യായമായ ശമ്പളം അധ്യാപകർക്ക് കൊടുക്കണം. മൊബൈൽ ഫോൺ വിദ്യാർത്ഥികൾ സ്കൂളിൽ കൊണ്ട് വരുന്നത് നിരോധിക്കുന്നത് ആലോചനയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരു ഏകീകൃത പാഠ്യപദ്ധതിയോ സിലബസോ ഇല്ല. അടിസ്ഥാന ക്ലാസുകൾ (എൽ.കെ.ജി., യു.കെ.ജി. മുതൽ ഒന്നാം ക്ലാസ് വരെ) പഠിപ്പിക്കുന്ന ഈ സ്ഥാപനങ്ങളിൽ സിലബസ് ഏകീകരിക്കേണ്ടതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്.
കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ നിയമങ്ങൾ അനുസരിച്ചും കേരള എഡ്യൂക്കേഷൻ റൂൾ (കെ.ഇ.ആർ.) അനുസരിച്ചും ഏതൊരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കണമെങ്കിലും സർക്കാരിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി.) ആവശ്യമാണ്. എന്നാൽ എൻ.ഒ.സി. ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു ലക്ഷം രൂപയോ രണ്ട് ലക്ഷം രൂപയോ തിരികെ നൽകാമെന്ന് പറഞ്ഞ് വലിയ തുക ഫീസായി അല്ലെങ്കിൽ ഡെപ്പോസിറ്റായി വാങ്ങുന്നുണ്ട്. ഇത്തരം പ്രവണതകളെ ‘വിദ്യാഭ്യാസ കച്ചവടം’ എന്നാണ് വിശേഷിപ്പിക്കുന്നത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് സർക്കാർ നിശ്ചയിക്കുമ്പോൾ, ഈ സ്ഥാപനങ്ങൾ സ്വന്തമായി ഫീസ് തീരുമാനിക്കുന്നു.
വേനലവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് നല്ല ചർച്ചകൾ നടക്കുന്നുണ്ട്, പൊതുജനങ്ങളിൽ നിന്ന് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് സംബന്ധിച്ച്, മൊബൈൽ ഫോണിന്റെ ദുരുപയോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ചാണ് പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.