Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താനൂര്‍ ദേവധാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ കെട്ടിട ഉദ്ഘാടനവും ഗേറ്റിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണോദ്ഘാടനവും നടന്നു

08 Aug 2025 16:15 IST

Jithu Vijay

Share News :

താനൂർ : എല്ലാ വിദ്യാലയങ്ങള്‍ക്കും കാലാനുസൃതമായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍. താനൂര്‍ ദേവധാര്‍ യു.പി വിഭാഗം കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂള്‍ പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


2016 ല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ആരംഭിച്ച പ്രവൃത്തികളാണ് ദേവധാര്‍ സ്‌കൂളില്‍ നടക്കുന്നത്. ആദ്യം 21 കോടിയുടെ പ്ലാനാണ് തയ്യാറാക്കിയത്. ഇപ്പോഴത് 24 കോടിയുടെ പദ്ധതിയായി മാറി. ഹൈസ്‌കൂള്‍ വിഭാഗത്തിനായി നാലര കോടി കൂടി അനുവദിച്ചതോടെ ഇത് 29.5 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനായി മാറിക്കഴിഞ്ഞെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.


കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച് വികസനം നടത്തുന്ന വിദ്യാലയമാണിത്. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച വിദ്യാലയമായി ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാറും. ദേവധാര്‍ ഫ്‌ലൈ ഓവറിന് അടുത്തായി കുട്ടികളുടെ കായിക പരിശീലനം ലക്ഷ്യമിട്ട് രണ്ടു ഗ്രൗണ്ടുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്. രണ്ടു കോടി രൂപ ചെലവിലാണ് ഇത് വിഭാവനം ചെയ്യുന്നത്. 


താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിക്കും. കടലിലൂടെ സഞ്ചരിക്കുന്ന യാനങ്ങള്‍ നിരീക്ഷിക്കാന്‍ ടെലസ്‌കോപ്പും ലോകത്തിലെ സുപ്രധാന മത്സ്യങ്ങളെ പരിചയപ്പെടുത്തി അക്വേറിയവും ഫിഷറീസ് സ്‌കൂളില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആധുനിക ശാസ്ത്ര മേഖലകളിലുള്ള അറിവ് മാത്രമല്ല പരിസ്ഥിതിയെ തൊട്ടറിയാനും കൂടെ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച യു.പി ബ്ലോക്കില്‍ എട്ടു ക്ലാസ് റൂമുകളാണുള്ളത്. സ്‌കൂള്‍ കവാടത്തിനും ചുറ്റുമതിലിനുമായി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹൈടെക് വിദ്യാലയമായി ഉയര്‍ത്തുന്നതിന് നിലവില്‍ 24 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഒന്നാം ഘട്ടം പൂര്‍ത്തിയായ ഹൈസ്‌കൂള്‍ വിഭാഗത്തിന് 4.5 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.

Follow us on :

More in Related News