Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2024 23:01 IST
Share News :
അടിമാലി: കണ്ണിനും മനസ്സിനും കുളിർമ സമ്മാനിച്ച് പനംകുട്ടിയിൽ കൂട്ടത്തോടെ കുടപ്പനകൾ പൂവിട്ടു. അടിമാലി-കുമളി ദേശീയപാത വഴി കടന്നു പോകുന്ന യാത്രക്കാർക്ക് നവ്യാനുഭവമാണ് പൂത്തുലഞ്ഞ പനങ്കുലകൾക്കിടയിലൂടെയുള്ള യാത്ര. ഈ മേഖലയിൽ നൂറുകണക്കിന് കുടപ്പനകളാണ് കൂട്ടത്തോടെ പൂവിട്ട് പൂങ്കുലകളാൽ സമൃദ്ധമായിട്ടുള്ളത്. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞുനിന്ന് പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു. അനുഷ്ഠാനപരമായ ആവശ്യങ്ങൾക്കും അലങ്കാരാവശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്. കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലായിരുന്നു കുടപ്പനകൾ ധാരാളമായി കണ്ടുവന്നിരുന്നത്. ഇടുക്കിയിൽ കല്ലാർകുട്ടി ടൗണിന് സമീപം മുതിരപ്പുഴയാറിന് കുറുകെ നിർമിച്ചിട്ടുള്ള നേര്യമംഗലം പവർഹൗസിന്റെ ഭാഗമായ അണക്കെട്ടിന് താഴ്ഭാഗത്തായാണ് കുടപ്പനകൾ ധാരാളമായി കണ്ടുവരുന്നത്. ഇളംമഞ്ഞ നിറത്തിലുള്ള പനങ്കുലകൾ പൂത്തുലഞ്ഞതോടെ പനയുടെ പച്ചയോലകൾ കാണാൻപോലും കഴിയില്ല. ഇതുവഴി പോകുന്ന വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തി, പനങ്കുലകളാൽ സമൃദ്ധമായ പനംകുട്ടിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചാണ് മടങ്ങുന്നത്.
പനമരങ്ങൾ വിവിധ ഇനങ്ങളിൽ അറിയപ്പെടുന്നുണ്ട്. ഈന്തപ്പന, കരിമ്പന, ചൂണ്ടപ്പന, എണ്ണപ്പനയൊക്കെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നുണ്ട്.
പനയിൽ നിന്ന് ചെത്തി കിട്ടുന്ന കള്ളും, കരിപ്പെട്ടി ചക്കരയുമൊക്കെ ഏറെ പ്രസിദ്ധമാണ്. പഴയകാലങ്ങളിൽ താളിയോല ഗ്രന്ഥങ്ങൾ നിർമിച്ചിരുന്നതും പനയോലകൾ ഉപയോഗിച്ചായിരുന്നു. തമിഴ്നാട് അടക്കമുള്ള പ്രദേശങ്ങളിൽ വിശപ്പും ദാഹവും അകറ്റാൻ പനങ്കരിക്ക് ഉപയോഗിക്കുന്നത് വ്യാപകമാണ്. പനങ്കുലകൾ ഉപയോഗിച്ച് മരുന്നുകളും വിഭവങ്ങളും ഉണ്ടാക്കുന്നത് സർവസാധാരണയാണെങ്കിലും പനകൾ കൂട്ടത്തോടെ പൂത്തുലയുന്നത് ആദ്യമായി കാണുന്നവരാണ് അധികവും.
Follow us on :
More in Related News
Please select your location.