Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയിൽ എയർബിഎൻബി ഹോസ്റ്റിംഗിൽ വൻ കുതിപ്പുമായി ജെൻ സീ; വളർച്ച 40 ശതമാനമെന്ന് റിപ്പോർട്ട്

31 Aug 2026 12:21 IST

രെഹ്ന

Share News :

കൊച്ചി:യാത്രകളുടെ രീതികൾ മാറ്റിയെഴുതുന്നതോടൊപ്പം ആതിഥേയരുടെ വേഷത്തിലും തിളങ്ങുകയാണ് രാജ്യത്തെ ജെൻ സീ സമൂഹം.എയർബിഎൻബിയിൽ

ഹോസ്റ്റുകളായി മാറി സ്വന്തം വീടുകളുടെ വാതിലുകൾ ലോകത്തിനായി തുറന്നിടുന്ന യുവ ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ ജെൻ സീ ഹോസ്റ്റുകളുടെ എണ്ണം മുൻ വർഷത്തേക്കാൾ ഏകദേശം 40 ശതമാനം വർധിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ എയർബിഎൻബിയിൽ പുതുതായി ചേരുന്ന അഞ്ച് ഹോസ്റ്റുകളിൽ രണ്ടുപേരും 18-29 പ്രായപരിധിയിലുള്ളവരാണ്.


മെട്രോ നഗരങ്ങൾക്കപ്പുറത്തേക്ക് വളർച്ചയുടെ വേരുകൾ പടർത്താൻ ഈ യുവനിരയ്ക്ക് സാധിച്ചിട്ടുണ്ട്. ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം, മുംബൈ, നോയിഡ തുടങ്ങിയ പ്രമുഖ നഗരങ്ങൾക്ക് പുറമെ ഇൻഡോറിലും ഹോസ്റ്റുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റമുണ്ടായി. ഇൻഡോറിൽ മാത്രം മുൻ വർഷത്തെ അപേക്ഷിച്ച് 120 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ലഖ്‌നൗ, മഥുര തുടങ്ങിയ ഇടങ്ങളിലും യുവ ഹോസ്റ്റുകൾ സജീവമാണ്. ഗ്രാമീണ യാത്രാകേന്ദ്രങ്ങളിലും ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലും ജെൻ സീ ഹോസ്റ്റുകളുടെ എണ്ണത്തിൽ യഥാക്രമം 60 ശതമാനത്തിന്റെയും 70 ശതമാനത്തിന്റെയും വർധനവാണ് ഉണ്ടായിട്ടുള്ളത്.



യുവനിരയുടെ കടന്നുവരവ് ആതിഥ്യമര്യാദയുടെ ഗുണനിലവാരത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഏഴ് ജെൻ സീ ഹോസ്റ്റുകളിൽ ഏകദേശം ഒരാൾ വീതം സ്ഥിരതയാർന്ന മികച്ച സേവനത്തിനുള്ള എയർബിഎൻബിയുടെ ‘സൂപ്പർഹോസ്റ്റ്’ പദവി നേടിയിട്ടുണ്ട്. ഹോസ്റ്റിംഗിലൂടെ വരുമാനം കണ്ടെത്തുന്നതിലും ഇവർ വലിയ കുതിപ്പാണ് നടത്തിയത്. 2026-ന്റെ ആദ്യ പകുതിയിൽ ജെൻ സീ ഹോസ്റ്റുകൾ നേടിയ വരുമാനം പോയ വർഷത്തേക്കാൾ 60 ശതമാനത്തിലധികം വർധിച്ചു.


സഞ്ചാരികൾ എന്ന നിലയിൽ മാത്രമല്ല, സംരംഭകരും ഹോസ്റ്റുകളുമായും യുവതലമുറ രംഗത്തിറങ്ങുന്നത് രാജ്യത്തിന്റെ യാത്രാ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഉണർവ് നൽകുന്നുണ്ടെന്ന് എയർബിഎൻബി ഇന്ത്യയുടെയും തെക്കുകിഴക്കൻ ഏഷ്യയുടെയും കൺട്രി ഹെഡ് അമൻപ്രീത് സിംഗ് ബജാജ് വ്യക്തമാക്കി. സ്വന്തം പ്രദേശങ്ങളുടെ സവിശേഷതകളും പ്രാദേശിക അറിവുകളും അതിഥികളുമായി പങ്കുവെക്കുന്നതിലൂടെ ഇന്ത്യയുടെ യാത്രാ ഭൂപടത്തെ മാറ്റിമറിക്കുകയാണ് ഈ പുതുതലമുറ ആതിഥേയർ.


Follow us on :

More in Related News