Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2026 20:51 IST
Share News :
കോട്ടക്കൽ : കാലമെത്ര കടന്നുപോയാലും അറിവ് പകർന്നുനൽകിയ ഗുരുനാഥൻമാരോടുള്ള സ്നേഹം കുറയുന്നില്ലെന്ന് തെളിയിച്ച് ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സ്നേഹസമർപ്പണം. എ.എം.എൽ.പി സ്കൂൾ പെരുമണ്ണയിലെ 2007-15 കാലഘട്ടത്തിലെ വിദ്യാർത്ഥിയും സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി (Signature Disability Empowerment Forum) സെക്രട്ടറിയുമായ അക്ഷയ് എം. ആണ് തന്റെ പ്രിയ അധ്യാപകരുടെ വിരമിക്കൽ ചടങ്ങിൽ ഉപഹാരവുമായെത്തിയത്.
35 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയ പടികൾ ഇറങ്ങുന്ന ഉഷാകുമാരി ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവർക്ക് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ സ്നേഹോപഹാരം സെക്രട്ടറി അക്ഷയ് എം. നേരിട്ട് കൈമാറി. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലെത്തിയ ശിഷ്യനെ അധ്യാപകർ ഹൃദയപൂർവ്വം സ്വീകരിച്ചു. തന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ഗുരുനാഥൻമാർക്ക് മുന്നിൽ ഉപഹാരവുമായെത്തിയ അക്ഷയ്‌യെ കണ്ടപ്പോൾ അധ്യാപകർക്കും അത് അഭിമാനനിമിഷമായി.
പ്രൗഢഗംഭീരമായ ചടങ്ങ് സ്കൂൾ പി.ടി.എയും മാനേജ്‌മെന്റും ചേർന്ന് സംഘടിപ്പിച്ച വിപുലമായ യാത്രയയപ്പ് പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുസ്തഫ പി. അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി സി.ഐ രാജേഷ് സി.കെ. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മനോജ് കെ.സി. സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഹുസൈൻ ഹാജി മുഖ്യാതിഥിയായിരുന്നു.
എൻ. ബാവ, സി.കെ.എ റസാഖ്, സി. ചെറിയാപ്പു ഹാജി, ഇബ്രാഹിംകുട്ടി, പത്മനാഭൻ മുട്ടേക്കാട്ട്, ഷാജു കാട്ടകത്ത് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കൂടാതെ പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദലി, പ്രധാന അധ്യാപകരായ ഷാഹുൽ ഹമീദ്, അബ്ദുൾ കരീം, മുജീബ് എന്നിവരും ജയശ്രീ പി.വി, ഖദീജ സി. തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തന്റെ പ്രിയ ഗുരുനാഥൻമാർക്ക് ഇനിയുള്ള വിശ്രമജീവിതം സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അക്ഷയ് മടങ്ങിയത്. തങ്ങൾ സംഘടിപ്പിച്ച പരിപാടിയല്ലെങ്കിലും, ഒരു ശിഷ്യൻ എന്ന നിലയിലും ഭിന്നശേഷി ശാക്തീകരണ വേദിയുടെ പ്രതിനിധി എന്ന നിലയിലും അക്ഷയ് നടത്തിയ ഈ സ്നേഹസമർപ്പണം ചടങ്ങിലെ ശ്രദ്ധേയമായ കാഴ്ചയായി മാറി. സ്റ്റാഫ് സെക്രട്ടറി കുമാരൻ ടി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി
Follow us on :
Tags:
More in Related News
Please select your location.