Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലക്ഷ്യബോധം തകർക്കുന്നവരില്‍നിന്ന് വിദ്യാര്‍ഥികള്‍ അകലം പാലിക്കണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

05 Oct 2026 20:02 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ലക്ഷ്യബോധം തകർക്കാൻ ശ്രമിക്കുന്നവരിൽനിന്ന് അകന്നു നിൽക്കാൻ വിദ്യാർഥികൾ പഠിക്കണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള പൊതുവിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പദ്ധതി സുപഥത്തിന്‍റെ ജില്ലാതല ഉദ്ഘാടനവും ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ ജില്ലയിലെ സ്‌കൂളുകൾക്കുള്ള പുരസ്‌കാരവിതരണവും കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നൽകുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ കോട്ടയം സെന്‍റ് ആൻസ് സ്‌കൂളും, ഹൈസ്‌കൂൾ വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളും, പ്രൈമറി വിഭാഗത്തിൽ അക്കരപ്പാടം ഗവൺമെന്‍റ് യു.പി. സ്‌കൂളും പുരസ്‌കാരത്തിന് അർഹരായി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.വിദ്യാലയങ്ങളിലും വിദ്യാലയപരിസരങ്ങളിലും ലഹരിവിപത്ത് തുടച്ചുനീക്കുന്നതിന്‍റെ ഭാഗമായാണ് സുപഥം എന്ന പേരിൽ നൂറുദിനയജ്ഞം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൈമറി തലം മുതലുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി വിദ്യാലയപരിസരങ്ങൾ പൂര്‍ണമായും ലഹരിവസ്തു വിമുക്ത വിൽപന വിരുദ്ധ മേഖലകളാക്കി മാറ്റുകയും കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുപ്രവർത്തകർ എന്നിവരെ കോർത്തിണക്കി പ്രതിരോധം തീർക്കുകയുമാണ് ലക്ഷ്യം.

 ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ പി.കെ. വൈശാഖ്, നഗരസഭ വികസനകാര്യസമിതി അധ്യക്ഷ ബിൻസി സെബാസ്റ്റ്യന്‍, നഗരസഭാംഗം സാലി മാത്യൂ, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത്, അസിസ്റ്റന്‍റ് എക്‌സൈസ് കമ്മിഷണർ എം.കെ. പ്രസാദ്, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ വി.എ. ബോബൻ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഡിനേറ്റർ മുഹമ്മദ് മാഹിൻ, ഡി.ഇ.ഒ അനിത ഗോപിനാഥ്, എ.ഇ.ഒ കെ.സി. ദീപ, വിജയപുരം രൂപത കോർപറേറ്റ് എജ്യുക്കേഷണൽ ഏജൻസി മാനേജർ റവ. ഫാ. റൊണാൾഡ് മാത്യൂ പുത്തൻപറമ്പിൽ, മൗണ്ട് കാർമൽ എച്ച്.എസ്.എസ്. പ്രധാനഅധ്യാപിക സിസ്റ്റർ എ.എസ്. ജെയിൻ എന്നിവർ പ്രസംഗിച്ചു.


​



Follow us on :

More in Related News