Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 08:37 IST
Share News :
മലപ്പുറം : കുംഭമേളയില്‍ പങ്കെടുക്കാൻ പ്രയാഗ് രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐആർസിടിസിക്കും ഓണ്ലൈൻ ബുക്കിംഗ് പോർട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരേ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ നടപടി.
സേവനത്തില്‍ വീഴ്ച വരുത്തിയതിന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നല്‍കാൻ കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ ഹോട്ടലില്‍നിന്നും പരാതിക്കാരിയില്‍നിന്നും അധികമായി ഈടാക്കിയ 7,827 രൂപ തിരികേ നല്‍കാനും കോടതി വിധിച്ചു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കെ.ബി. പരമേശ്വരൻ, സഹോദരൻ ബാലാജി ശങ്കർ, സുഹൃത്ത് മണികണ്ഠൻ എന്നിവരുടെ പരാതിയിലാണ് ഉത്തരവ്. കഴിഞ്ഞ കുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജില്‍ "അതിഥി സ്റ്റേ ലോഡ്ജ്’ എന്ന ഹോട്ടലില്‍ മൂന്ന് ദിവസത്തേക്ക് താമസിക്കാനാണ് ഇവർ ഐആർസിടിസി വഴി മേക്ക് മൈ ട്രിപ്പ് മുഖേന മുൻകൂട്ടി മുറി ബുക്ക് ചെയ്തത്.
2024 ഒക്ടോബറില്‍ തന്നെ തുകയായ 4,173 രൂപ അടച്ച് ബുക്കിംഗ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 2025 ഫെബ്രുവരി മൂന്നിന് ദീർഘദൂര യാത്രയ്ക്കൊടുവില്‍ അസമയത്ത് ഹോട്ടലില്‍ എത്തിയ പരാതിക്കാർക്ക് മുറി നല്‍കാൻ അധികൃതർ തയാറായില്ല. ഐആർസിടിസിയുമായോ മേക്ക് മൈ ട്രിപ്പുമായോ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഹോട്ടല്‍ സ്വീകരിച്ചത്. കുംഭമേളയുടെ തിരക്കും അപരിചിതമായ സ്ഥലവുമായതിനാല്‍ മറ്റ് താമസസൗകര്യങ്ങള്‍ കണ്ടെത്താനാകാതെ വലഞ്ഞ പരാതിക്കാർക്ക് ഒടുവില്‍ പ്രതിദിനം 4,000 രൂപ നിരക്കില്‍ അധികത്തുക നല്‍കി ഇതേ ഹോട്ടലില്‍തന്നെ താമസിക്കേണ്ടി വന്നു.
തുടർന്ന് അധികമായി നല്‍കേണ്ടി വന്ന തുകയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടും ട്രാവല്‍ ഏജൻസികള്‍ തയാറാകാത്തതിനെത്തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
തങ്ങള്‍ കേവലം ഇടനിലക്കാർ മാത്രമാണെന്നും വീഴ്ച വരുത്തിയത് ഹോട്ടലാണെന്നുമുള്ള എതിർകക്ഷികളുടെ വാദം കമ്മീഷൻ തള്ളി. കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമെന്ന വിശ്വാസ്യതയിലാണ് പരാതിക്കാർ ഐആർസിടിസിയെ സമീപിച്ചതെന്നും അതിനാല്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.
നിശ്ചിത സമയത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒന്പത് ശതമാനം വാർഷിക പലിശയും നല്‍കേണ്ടിവരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായില്‍ സി.വി. എന്നിവർ അംഗങ്ങളുമായ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെതാണ് വിധി.
Follow us on :
Tags:
More in Related News
Please select your location.