Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുനാവായയിലെ മഹാമാഘ മഹോത്സവത്തിന് അമൃതസ്നാനത്തോടെ ഇന്ന് സമാപനം

03 Feb 2026 08:48 IST

Jithu Vijay

Share News :

മലപ്പുറം : തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവം ഇന്ന് സമാപിക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് കേരളത്തിലെ കുംഭമേളയെന്ന നിലയില്‍ പതിനഞ്ച് ദിവസത്തെ ആത്മീയ-സാംസ്‌കാരിക ഉത്സവത്തില്‍ പങ്കെടുത്തത്.

അമൃതസ്നാനത്തോടെയാണ് മഹാമാഘ മഹോത്സവത്തിന് സമാപനമാവുക.


ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരതി ഘാട്ടിലാണ് അമൃതസ്നാനം നടക്കുക. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നാണ് അമൃതസ്നാനം. നാഗസന്ന്യാസിവര്യന്മാർ ഉള്‍പ്പെടെയുള്ളവരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും. അമൃതസ്നാനത്തിനുശേഷം യതി പൂജയും ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും.


സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്നതാണ് ഈ ചടങ്ങ്. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്‌, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ്. ഈ ദിവ്യയോഗത്തില്‍ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നല്‍കുകയും ജന്മമരണചക്രത്തില്‍ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.


അമൃതസ്നാനത്തിന് പിന്നാലെയാണ് യതി പൂജ നടക്കുക. സനാതന ധർമ്മത്തിനായി സർവ്വതും ഉപേക്ഷിച്ച്‌ ജീവിതം സമർപ്പിച്ച സന്ന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഗുരുത്വബോധവും ജീവിതത്തില്‍ സല്‍മാർഗ്ഗഗതിയും ലഭിക്കുമെന്നാണ് വിശ്വാസം. ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും മഹത്തായ പുണ്യം നല്‍കുമെന്നാണ് വിശ്വാസം.

Follow us on :

More in Related News