Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 17:06 IST
Share News :
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ ഈ മാസം ടെണ്ടർ ചെയ്യും. റോഡിന്റെ രൂപകൽപ്പന മുതൽ നിർമാണം വരെ എല്ലാ ഘടകങ്ങളും ഒരുമിക്കുന്ന എൻജിനീയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി) മാതൃകയിൽ ടെണ്ടർ ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. ആകെ 481.94 കോടി രൂപയാണ് റോഡിന് ചെലവാകുക. ഭൂമി ഏറ്റെടുക്കുന്നതിനായി 344.5 കോടി രൂപ വിവിധ ഘട്ടങ്ങളിലായി അനുവദിച്ചിരുന്നു. 137.44 കോടി രൂപയുടെ ഭരണാനുമതിയാണ് റോഡിന്റെ നിർമാണത്തിനായി നൽകിയിട്ടുള്ളത്.
കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്ടിനു കീഴില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെ 5.3 കിലോമീറ്റർ റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി നിർമിക്കുന്നതിനാണ് കരാർ നൽകുക. റോഡിനു നടുവിൽ രണ്ടുമീറ്റർ വീതിയിൽ മീഡിയനും ഇരുവശങ്ങളിലും ഏഴു മീറ്റർ വീതം വീതിയിൽ രണ്ടുവരിപ്പാതയും നിർമിക്കും. കാര്യേജ് വേയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതം പേവ്‌മെന്റും നിർമിക്കും. രണ്ടു മീറ്റർ വീതിയുള്ള നടപ്പാതയും ഇരുവശത്തും നിർമിക്കും. ഈ സ്ട്രെച്ചില്‍ ഉടനീളം വിഴിവിളക്കുകളും സ്ഥാപിക്കും. ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നലുകളും ഉണ്ടാകും.
ഓരോ 250 മീറ്റര്‍ ഇടവിട്ടും റോഡിനടിയില്‍ കുറുകെ യൂട്ടിലിറ്റി ഡക്ടുകള്‍ നിര്‍മിക്കും. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റോഡിന്റെ ഇരുവശത്തുമുള്ള അര മീറ്റർ വീതം സ്ഥലം ഉപയോഗിക്കും. അതുകൊണ്ടുതന്നെ ഭാവയില്‍ കേബിളുകളും പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിക്കേണ്ടിവരില്ല.
സിവില്‍ സ്റ്റേഷനു മുന്നില്‍ കാല്‍നടക്കാര്‍ക്കായി മേല്‍പ്പാലവും പണിയും. റോഡു പണിയുന്ന കരാർ കമ്പനിക്ക് 15 വർഷത്തേക്ക് പരിപാലന ചുമതലകൂടി നൽകും.
ദേശീയപാത-66 നെ മുറിച്ചു കടന്നുപോകുന്ന രീതിയിലായിരുന്നു മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ പുനരുദ്ധാരണത്തിന് ആദ്യ നിര്‍ദ്ദേശമുണ്ടായത്. എന്നാല്‍ മുത്തങ്ങയിലേക്കുള്ള ദേശീയ പാത 766 ന്റെ നിര്‍മാണം മലാപ്പറമ്പില്‍നിന്ന് ദേശീയപാത വിഭാഗം ചെയ്യുന്നതിനാല്‍ മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള മൂന്നു കിലോമീറ്റര്‍ ദൂരം ഈ റോഡു വികസന പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയാണ് പുതിയ ഡിപിആര്‍ തയ്യാറാക്കിയിട്ടുള്ളത്.
കോഴിക്കോട് നിവാസികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിനാണ് റോഡ് നവീകരണത്തിലൂടെ വിരാമമാകുകയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന റോഡാണിത്. കരാർ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കും. പണിയാരംഭിച്ചാൽ ഒന്നര വർഷത്തിനകം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നഗരപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡായതിനാൽ ജനങ്ങളുടെയും വ്യാപാരികളുടേയുമെല്ലാം സഹകരണത്തോടെ ബുദ്ധിമുട്ടുകൾ പരമാവധി കുറച്ച് നിർമാണപ്രവർത്തനങ്ങൾ നടത്താനായിരിക്കും ശ്രമമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Follow us on :
More in Related News
Please select your location.